ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ക്കൊന്നും തന്നെ ഭയപ്പെടുത്താനാകില്ലെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ക്കൊന്നും തന്നെ ഭയപ്പെടുത്താനാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് ഒരുപക്ഷേ തന്റെ രാജ്യത്തെ കുറച്ച് ജനങ്ങളെ ഭയപ്പെടുത്താനാകും പക്ഷേ, തന്നെ ഭയപ്പെടുത്താനാകുമെന്ന് ആരു കരുതരുതെന്നും അദ്ദേഹം
അറിയിച്ചു.

മിസൈല്‍ പരീക്ഷണങ്ങള്‍ സംബന്ധിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നുമായി ഏര്‍പ്പെട്ടിട്ടുള്ള കരാര്‍ സംബന്ധിച്ച് തനിക്ക് ഇപ്പോഴും വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഐക്യ രാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം മറികടന്ന് ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തുകയാണെന്ന് ജപ്പാന്‍ തലസ്ഥാനമായ ടോക്കിയയോയില്‍ വെച്ച് അമേരിക്കന്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവായ ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞിരുന്നു.

കൊറിയ ഈ മാസം 4 , 7 തിയ്യതികളിലായാണ് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചതെന്നും ബോള്‍ട്ടന്‍ പറഞ്ഞു. കൊറിയയുടെ മേലുള്ള അമേരിക്കന്‍ ഉപരോധം ഇത് കൊണ്ട് തന്നെ മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജപ്പാന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ടോക്കിയോയില്‍ എത്തിയതായിരുന്നു ബോള്‍ട്ടന്‍.

Top