ട്രംപ് യുദ്ധക്കൊതിയനാണെന്ന് തുറന്നടിച്ച് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ്

സോള്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി ഉത്തരകൊറിയ.

യുദ്ധം ഇരന്നുവാങ്ങുന്നയാളാണ് ട്രംപ് എന്നതിന്റെ ഉത്തമോദാഹരണമാണ് അദ്ദേഹത്തിന്റെ ഏഷ്യന്‍ സന്ദര്‍ശനമെന്ന് ഉത്തര കൊറിയ പരിഹസിച്ചു.

യുദ്ധം ക്ഷണിച്ചു വരുത്താന്‍ ട്രംപ് ശ്രമിക്കുന്ന കാഴ്ചയാണ് ഏഷ്യന്‍ സന്ദര്‍ശനത്തില്‍ കണ്ടതെന്നും ഉത്തര കൊറിയ വിമര്‍ശിച്ചു.

ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ അവസരത്തില്‍, ലോക സമാധാനത്തെയും കെട്ടുറപ്പിനെയും വെല്ലുവിളിക്കുന്ന ട്രംപിന്റെയുള്ളിലെ കലാപകാരി പുറത്തു ചാടിയതായി ഉത്തര കൊറിയന്‍ വിദേശകാര്യ വക്താവ് പറഞ്ഞു.

വിദേശകാര്യ പ്രതിനിധിയുടെ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുന്ന പ്രസ്താവന ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് പുറത്തുവിട്ടത്. കൊറിയന്‍ മുനമ്പില്‍ ആണവയുദ്ധം ക്ഷണിച്ചുവരുത്താന്‍ ട്രംപ് പരമാവധി ശ്രമിച്ചതായും വിദേശകാര്യ പ്രതിനിധി വിമര്‍ശിച്ചു.

ഉത്തര കൊറിയയുടെ അയല്‍ രാജ്യവും യുഎസിന്റെ സഖ്യരാജ്യവുമായ ദക്ഷിണ കൊറിയയിലും ട്രംപ് സന്ദര്‍ശനം നടത്തിയിരുന്നു. യുഎസിനെ വില കുറച്ചു കണ്ട് അപകടം ക്ഷണിച്ചു വരുത്തരുതെന്നും ദക്ഷിണ കൊറിയയില്‍വച്ച് ട്രംപ് ഉത്തര കൊറിയയ്ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. 12 ദിവസത്തെ ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു ട്രംപിന്റെ ദക്ഷിണ കൊറിയ സന്ദര്‍ശനം.

ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ട്രംപ് നിലവില്‍ വിയറ്റ്‌നാമിലാണുള്ളത്. ഇതിനു ശേഷം ഫിലിപ്പീന്‍സും സന്ദര്‍ശിച്ച ശേഷമേ ട്രംപ് യുഎസിലേക്കു മടങ്ങൂ.

നേരത്തെ, ജപ്പാനില്‍ വച്ചും ഉത്തര കൊറിയയ്ക്കു കടുത്ത മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ നിശ്ചയദാര്‍ഢ്യത്തെ ഒരു സ്വേച്ഛാധിപതിയും ചെറുതായി കാണേണ്ടതില്ലെന്ന് പറഞ്ഞ ട്രംപ്, മുന്‍പ് ഇങ്ങനെ ചെയ്തിട്ടുള്ളവരുടെ അനുഭവം സന്തോഷപ്രദമായിരുന്നില്ലെന്നും ഓര്‍മിപ്പിച്ചു. ആണവ വ്യാപന നടപടികള്‍ നിര്‍ത്തിവച്ചാല്‍ ‘സന്തോഷപ്രദമായൊരു ഭാവി’ ഉത്തര കൊറിയയ്ക്ക് ഉറപ്പു നല്‍കാമെന്നും ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. അതേസമയം, ഒരുവിധത്തിലുമുള്ള ഭീഷണിയിലൂടെ തങ്ങളെ ഭയപ്പെടുത്താനാകില്ലെന്നായിരുന്നു ഇതിനുള്ള ഉത്തര കൊറിയയുടെ മറുപടി.

തങ്ങളുടെ മുന്നേറ്റങ്ങള്‍ക്കും ഇതിലൂടെ തടയിടാനാകില്ല. ആണവ വ്യാപന നടപടികള്‍ നിര്‍ത്തിവയ്ക്കാനുള്ള ട്രംപിന്റെ നിര്‍ദ്ദേശത്തിന്, കൂടുതല്‍ കരുത്തോടെ ആണവ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുമെന്നും ഉത്തര കൊറിയ വ്യക്തമാക്കിയിരുന്നു.

Top