ചൈനീസ് നിക്ഷേപങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ട്രംപ്; ഉത്തരവ് പുറത്തിറക്കി

ന്യൂയോര്‍ക്ക്: ചൈനീസ് സൈന്യത്തിനു സഹായകരമാകുന്ന തരത്തിലുള്ള എല്ലാ നിക്ഷേപങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉത്തരവ് പുറത്തിറക്കി. ചൈനീസ് സൈന്യത്തിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള കമ്പനികളില്‍ മുതല്‍ മുടക്കുന്നതില്‍ നിന്ന് അമേരിക്കന്‍ പൗരന്മാരെ വിലക്കിക്കൊണ്ടുളള ഉത്തരവ് ജനുവരി 11 മുതല്‍ പ്രാബല്യത്തിലാകും.

ചൈനീസ് സൈന്യത്തിന്റെ വികസനത്തിനും നവീകരണത്തിനും സഹായകരവും യുഎസ് സുരക്ഷയ്ക്കു നേരിട്ട് ഭീഷണിയാകുകയും ചെയ്യുന്ന 31 ചൈനീസ് കമ്പനികളെ ലക്ഷ്യമിട്ടാണു നടപടി. സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വാവെയ്, പ്രമുഖ വീഡിയോ നിരീക്ഷണ ഉപകരണ നിര്‍മാതാക്കളായ ഹിക്ക്വിഷന്‍ എന്നീ കമ്പനികളും കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചൈന ടെലികോം, ചൈന മൊബൈല്‍ എന്നീ കമ്പനികള്‍ക്കും ഉത്തരവ് ബാധകമായിരിക്കും.

അമേരിക്കന്‍ പൗരന്മാര്‍ ഇത്തരം കമ്പനികളില്‍ ഉടമസ്ഥാവകാശം കൈയ്യാളുകയോ മറ്റേതെങ്കിലും ഇടപാടുകള്‍ നടത്തുക പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. കരിമ്പട്ടികയില്‍ ഉള്ള കമ്പനികളില്‍ ഓഹരികള്‍ ഉണ്ടാകാനും പാടില്ല. ഈ കമ്പനികളുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ 2021 നവംബര്‍ വരെയാണു സമയപരിധി നല്‍കിയിരിക്കുന്നത്.

Top