ഇറാൻ പൊളിച്ചടുക്കിയത് ആ പ്രതിരോധം, ലോകത്തിന് മുന്നിൽ നാണം കെട്ട് യു.എസ് !

മേരിക്കന്‍ പട്ടാളക്കാര്‍ ആരും ഇറാന്‍ ആക്രമണത്തില്‍ മരിച്ചിട്ടില്ലന്ന് ട്രംപ് പറയുന്നതാണ് ശരിയെങ്കില്‍ ഇത്രയും ഭീരുക്കളായ ഒരു സൈന്യം ലോകത്ത് തന്നെയുണ്ടാവില്ല.

ഇറാന്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച് നടത്തിയ ആക്രമണം പേടിച്ച് സൈനിക താവളങ്ങളില്‍ നിന്നും സകലരെയും അമേരിക്ക മാറ്റിയിട്ടുണ്ടായിരിക്കും.

ലോകത്തെ മറ്റ് ഏത് രാജ്യത്തിന്റെയും മിസൈലുകള്‍ ആകാശത്ത് വച്ച് തകര്‍ക്കുന്ന അമേരിക്കന്‍ ടെക്‌നോളജിയുടെ കരുത്താണിവിടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

രണ്ട് ഡസണ്‍ മിസൈലുകളെങ്കിലും ഇറാന്‍ പ്രയോഗിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ അമേരിക്കക്ക് തന്നെ
സംശയമുണ്ടാകില്ല. മിസൈല്‍ തൊടുത്ത് വിടുന്നതും അത് ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്ത് വന്നു കഴിഞ്ഞു.

ദീര്‍ഘദൂരം പറക്കാനുള്ള, തങ്ങളുടെ ബാലിസ്റ്റിക് മിസൈലുകളുടെ കഴിവും കൃത്യതയും കൂടിയാണ് ഇറാന്‍ ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുന്നത്. 2018 ഡിസംബറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സന്ദര്‍ശിച്ച അന്‍ബാര്‍ പ്രവിശ്യയിലെ ഐന്‍ അല്‍ അസദ് താവളമാണു പ്രധാന പ്രഹരത്തിനായി തിരഞ്ഞെടുത്തതെന്നതും ശ്രദ്ധേയമാണ്.

തങ്ങളുടെ മിസൈലുകള്‍ കുറിക്കുകൊള്ളുന്നവയാണെന്ന് ഇറാന്‍ തെളിയിച്ചിരിക്കുന്നു. 15 മിസൈലുകളാണു തൊടുത്തതെന്നും അതില്‍ പത്തെണ്ണം അല്‍ അസദ് താവളത്തിലും ഒരെണ്ണം ഇര്‍ബില്‍ താവളത്തിലും പതിച്ചെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാലെണ്ണം മാത്രമാണ് പാളിപ്പോയത്. 15ല്‍ 11 എന്നതുതന്നെ സൈനികമായി മികച്ച കൃത്യതയാണ്.

ഇറാഖിലെയോ പശ്ചിമേഷ്യയിലെ മറ്റു പ്രദേശങ്ങളിലെയോ ഏത് അമേരിക്കന്‍ താവളത്തിനു നേര്‍ക്കും തൊടുക്കാവുന്ന മിസൈലുകള്‍ ഇറാന്റെ ആയുധപ്പുരയിലുണ്ട്. ഷഹാബ് 1 , ഷഹാബ് 2 , ഖലീജ് ഫര്‍സ് , ഖിയാം 1, ഷഹാബ് 3 , ഖാദര്‍ 110, ഖുറം ഷഹര്‍, സിജ്ജില്‍ എന്നിവയാണ് ഇറാന്റെ പ്രധാന മധ്യ – ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍. ഇതിലേതു മിസൈലാണ് ഇപ്പോള്‍ ഉപയോഗിച്ചതെന്ന് ഇതുവരെ ആ രാജ്യം വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ഡിസംബറിലെ കണക്ക് പ്രകാരം 6000 സൈനികര്‍ ഇറാഖിലുണ്ട്. ഇവരെയൊന്നും ഇതുവരെ അമേരിക്കയിലേക്ക് കൊണ്ടു പോയിട്ടുമില്ല. ചിരഞ്ചീവികളല്ല അമേരിക്കന്‍ സൈനികര്‍. മിസൈല്‍ പതിച്ചത് ശരിയെങ്കില്‍ മരണം ഉറപ്പ് തന്നെയാണ്. മിസൈല്‍ പതിച്ചു , പക്ഷേ ആരും കൊല്ലപ്പെട്ടിട്ടില്ലന്ന് ട്രംപ് പറഞ്ഞാല്‍ അതിനര്‍ത്ഥം ഈ സൈനികരെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി എന്നതാണ്. പേടിച്ചുള്ള ഒരു ഒളിച്ചോട്ടം തന്നെയാണിത്. സ്വന്തം പ്രതിരോധ ശേഷിയില്‍ അമേരിക്കക്ക് തന്നെ വിശ്വാസമില്ലന്ന് വിലയിരുത്തേണ്ടിയും വരും. ഇനി ഉണ്ടായ നാശ നഷ്ടങ്ങള്‍ക്കിടയില്‍ ശവശരീരങ്ങള്‍ ഉണ്ടെങ്കില്‍ എത്ര മറച്ച് പിടിച്ചാലും ആ യാഥാര്‍ത്ഥ്യവും അധികം താമസിയാതെ പുറത്ത് വരും.

ഒരു സൈനികന്‍ പോലും കൊല്ലപ്പെട്ടിട്ടില്ലന്ന് പറയുമ്പോഴും മിസൈല്‍ പതിച്ച കാര്യവും നാശനഷ്ടം ഉണ്ടായ കാര്യവും ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്.

ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്കടുത്തെ സംഘര്‍ഷം ‘പകയാക്കി’ ഇറാന്‍ സൈനിക കമാന്‍ണ്ടര്‍ ജനറലിനെ കൊന്നവര്‍ സ്വന്തം സൈനിക താവളം ആക്രമിക്കപ്പെടുമ്പോള്‍ ബങ്കറില്‍ ഒളിച്ചിരുന്നത് അമേരിക്കക്കാകെ നാണക്കേടാണ്.

ഒരു പ്രതികരണം നടത്താന്‍ പോലും ട്രംപിന് എത്രമണിക്കൂര്‍ വേണ്ടിവന്നുവെന്നതും ഈ ലോകം കണ്ടതാണ്.

ഇതിനു കാരണം മറ്റൊന്നുമല്ല, ഇറാന്റെ മിസൈലിനെ പ്രതിരോധിക്കാന്‍ കഴിയാതിരുന്നത് ശരിക്കും അമേരിക്കന്‍ ഭരണകൂടത്തെ ഞെട്ടിച്ചിട്ടുണ്ട്. 27 അമേരിക്കന്‍ താവളങ്ങളാണ് ഇറാന്റെ ആക്രമണം മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാന്‍ സംവിധാനമൊരുക്കിയിരുന്നത്. ഈ സുരക്ഷാ വലയമാണ് ഇറാന്‍ സേന തകര്‍ത്തിരിക്കുന്നത്.

ട്രംപിന്റെ മറുപടിക്ക് പിന്നാലെ റോക്കറ്റ് ആക്രമണം നടത്തിയും വീണ്ടും ഇറാന്‍ അമേരിക്കയെ വെല്ലുവിളിച്ചിരിക്കുകയാണ്.

ബാഗ്ദാദിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയം സ്ഥിതിചെയ്യുന്ന ഗ്രീന്‍സോണില്‍ രണ്ട് റോക്കറ്റുകള്‍ പതിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആക്രമണം നടന്നതായി ഇറാഖ് സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇറാന്‍ നടത്തിയ ആക്രമണങ്ങളുടെ കൃത്യതയാണിപ്പോള്‍ അമേരിക്കയുടെ ഉറക്കം കെടുത്തുന്നത്. അമേരിക്കന്‍ സൈനിക, ഇന്റലിജന്‍സ് ഉദ്യോഗസ്ഥരിലും ഈ ആശങ്ക പ്രകടമാണെന്ന് ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നാല് മാസം മുന്‍പ് താഴ്ന്ന് പറക്കുന്ന സായുധ ഡ്രോണുകളും, ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് ഓയില്‍ ടാങ്കുകള്‍ക്ക് നേരെ നടത്തിയ അക്രമണത്തിന് ശേഷം ഇറാന്‍ സമ്മാനിച്ച മറ്റൊരു ഞെട്ടലാണിത്. ഇസ്രയേലിന് അല്ലാതെ മറ്റൊരാള്‍ക്കും ഇറാന്റെ ഈ അക്രമണത്തെ പ്രതിരോധിക്കാന്‍ നിലവില്‍ ശേഷിയില്ല.

ബുധനാഴ്ച ഇറാഖിലെ സൈനിക കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങള്‍ 1979ല്‍ അമേരിക്കന്‍ എംബസി പിടിച്ചെടുത്ത ശേഷം അമേരിക്കയ്ക്ക് എതിരെയുള്ള ഇറാന്റെ ആദ്യത്തെ നേരിട്ടുള്ള ആക്രമണമായിരുന്നു. ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചുള്ള ഈ ആക്രമണം കൃത്യതയുള്ള തിരിച്ചടി നല്‍കാന്‍ സാധിക്കുമെന്ന മുന്നറിയിപ്പ് കൂടിയാണ്.

1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്റെ പരമ്പരാഗത സൈനിക ശേഷി ക്ഷയിച്ചപ്പോള്‍ പുതുതലമുറ ആയുധങ്ങള്‍ നിര്‍മ്മിക്കാനാണ് അവര്‍ ശ്രദ്ധിച്ചത്. ഇന്ന് സൂപ്പര്‍പവറായ അമേരിക്കയെ പോലും അക്രമിക്കാന്‍ സാധിക്കുന്ന തലത്തിലുള്ളതാണ് ഈ ആയുധങ്ങളെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മേഖലയില്‍ ഏറ്റവും കൂടുതല്‍ ബാലിസ്റ്റിക്, ക്രൂയിസ് മിസൈല്‍ ശേഖരമുള്ള ഇറാന് പ്രാദേശിക ഗ്രൂപ്പുകളുമായും ബന്ധമുണ്ട്. ഇതുവഴി രണ്ടര ലക്ഷം പോരാളികളും, വിപുലമായ കമ്പ്യൂട്ടര്‍ ഹാക്കിംഗ് ടീമും ഉള്ളതിനാല്‍ വെല്ലുവിളി വര്‍ദ്ധിക്കുന്നതായി അമേരിക്കന്‍ ഉദ്യോഗസ്ഥരും വിലയിരുത്തുന്നുണ്ട്. നിരീക്ഷണ, ആക്രമണ ഡ്രോണുകളാണ് ശക്തമായ നാവിക സേനയ്ക്ക് പകരം ഇറാന്‍ ഉപയോഗിച്ചു വരുന്നത്. കൂടാതെ ചെറിയ സ്പീഡ് ബോട്ടുകളും, വെള്ളത്തിന് അടിയില്‍ മൈനുകളും സ്ഥാപിച്ചിട്ടുള്ളതിനാല്‍ ഇറാന്‍, അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും വെല്ലുവിളി തന്നെയാണ്.

പ്രതിരോധ ശേഷിയേക്കാള്‍ ഇറാന്റെ ആക്രമണ ശേഷിയെ ആണ് ഈ രാജ്യങ്ങളെല്ലാം ഭയപ്പെടുന്നത്.

അമേരിക്കന്‍ മിസൈല്‍ പ്രതിരോധ ശേഷിയുടെ ബലത്തിലാണ് സകല വെല്ലുവിളികളും പ്രസിഡന്റ് ട്രംപ് നടത്തിയിരുന്നത്.

ഉത്തര കൊറിയയില്‍ നിന്നും ഭീഷണി നേരിടുന്ന ദക്ഷിണ കൊറിയയും, ജപ്പാനും സകല പ്രതീക്ഷയും അര്‍പ്പിച്ച ഈ ടെക്‌നോളജി കൂടിയാണ് ഇറാന്‍ സൈന്യം ഒറ്റയടിക്കിപ്പോള്‍ പൊളിച്ചടുക്കിയിരിക്കുന്നത്.

സ്വന്തം സൈനിക താവളങ്ങള്‍ സംരക്ഷിക്കാന്‍ പോലും പറ്റാത്തവരാണ് ലോക പൊലീസ് ചമയാന്‍ ശ്രമിക്കുന്നത്.

അമേരിക്കന്‍ മിസൈല്‍ പ്രതിരോധ ശേഷിയില്‍ വിശ്വാസമര്‍പ്പിച്ചാണ് യു.എ.യിയും നിലനില്‍ക്കുന്നത്. ഇറാന്‍ മിസൈല്‍ ലക്ഷ്യം കണ്ടത് അക്ഷരാര്‍ത്ഥത്തില്‍ അവരെയും ഞെട്ടിച്ചിട്ടുണ്ട്.

അമേരിക്കന്‍ സുരക്ഷാവലയം ഭേദിച്ച് യെമനിലെ ഹൂതി വിമതരും നിരവധി തവണ സൗദിയില്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഇവര്‍ക്ക് ആയുധം നല്‍കുന്നത് ഇറാനാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

തങ്ങളുടെ പ്രതിരോധം തകര്‍ക്കാനുള്ള ശേഷി ഇറാനുണ്ടെന്ന് മുന്നേ തിരിച്ചറിഞ്ഞവരാണ് അമേരിക്കന്‍ സൈന്യം. അതുകൊണ്ട് തന്നെയാണ് ഇറാഖിലെ അമേരിക്കന്‍ സൈനിക ക്യാംപുകളും ഇപ്പോള്‍ ശൂന്യമായിരിക്കുന്നത്.

ആയുധബലത്തിലും സാമ്പത്തിക ശക്തിയിലും ഇറാനേക്കാള്‍ എത്രയോ മുകളിലാണ് അമേരിക്ക.ലോകത്തെ തന്നെ ഒന്നാം നമ്പര്‍ ശക്തി. അക്കാര്യത്തില്‍ ആര്‍ക്കും തന്നെ സംശയമുണ്ടാകാനിടയില്ല. എന്നാല്‍ ഒരു യുദ്ധം ജയിക്കാന്‍ സൈനിക കരുത്ത് മാത്രം പോരാ, ബുദ്ധി കൂടി വേണം.

സൈനികരുടെ എണ്ണത്തേക്കാള്‍ അവരുടെ കരുത്തും ഒരു രാജ്യം ആക്രമിച്ച് കീഴടക്കാന്‍ അനിവാര്യമാണ്.

ബുദ്ധിശക്തിയിലും പോരാട്ട വീര്യത്തിലും ലോകത്തെ തന്നെ പ്രധാന സേനയാണ് ഇറാനിലേത്. ഇവിടുത്തെ ജനങ്ങളും നേരിട്ട് പോരാടാന്‍ തയ്യാറാകുന്ന കരുത്തിന്റെ പ്രതീകങ്ങളാണ്.

പോര്‍വിമാനങ്ങളുടെയും മിസൈലുകളുടെയും ദൗത്യം കഴിഞ്ഞാല്‍ പിന്നെ ഊഴം കരസേനകള്‍ക്കാണ്. പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട ഇറാനിലേക്ക് കടന്നാല്‍ അമേരിക്കന്‍ സേന നേരിടേണ്ടി വരിക വലിയ വെല്ലുവിളികളെയാണ്.ഇത് ശരിക്കും തിരിച്ചറിഞ്ഞത് കൊണ്ടാണ് സൈനിക താവളങ്ങള്‍ ആക്രമിച്ചിട്ടും അമേരിക്ക യുദ്ധം പ്രഖ്യാപിക്കാതെയിരിക്കുന്നത്.

അമേരിക്കയുടെ ആയുധ കരുത്തിനെ ചെറുത്ത് തോല്‍പ്പിച്ച വിയറ്റ്‌നാമിലെ പോരാളികളുടെ കഥ ട്രംപ് മറന്നാലും അദ്ദേഹത്തിന്റെ ഉപദേശകര്‍ മറക്കാന്‍ സാധ്യതയില്ല.

പോരാളികളായ ജനതയുള്ള ഒരു രാജ്യത്തെയും കീഴ്‌പ്പെടുത്താന്‍ ഒരു സാമ്രാജ്വത്വ കഴുകനും കഴിയുകയില്ല.

പുതിയ കാലത്ത് യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. ലോകാവസാനത്തിലാണ് അത് കലാശിക്കുക. ഇവിടെ വിവേകപൂര്‍ണ്ണമായ നിലപാടുകളാണ് ഭരണാധികാരികള്‍ സ്വീകരിക്കേണ്ടത്.

സ്വന്തം നാട്ടിലെ ഇംപീച്ച്‌മെന്റില്‍ നിന്നും ജനശ്രദ്ധ തിരിച്ച് വിടാനും വീണ്ടും കസേര ഉറപ്പിക്കാനും ട്രംപിന് ഒരു ‘ഇര’ വേണമായിരുന്നു. അതായിരുന്നു ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനി.

ഈ ഉദ്യോഗസ്ഥനെ കൊന്നാല്‍ തന്റെ നില ഭദ്രമാകും. കരുത്തനെന്ന പ്രതിച്ഛായ കിട്ടും എന്നൊക്കെയാണ് ട്രംപ് കരുതിയിരുന്നത്. എന്നാല്‍ ഇറാന്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിച്ചതോടെ ആ സ്വപ്നമെല്ലാം തകര്‍ന്ന് തരിപ്പണമായിരിക്കുകയാണിപ്പോള്‍. ആള്‍ നാശം ഉണ്ടായാലും ഇല്ലങ്കിലും ആക്രമിച്ച ഇറാന്‍ തന്നെയാണിപ്പോള്‍ ഹീറോകള്‍. മുന്‍കൂട്ടി പ്രഖ്യാപിച്ചാണ് അവര്‍ തിരിച്ചടിച്ചത്. ലക്ഷ്യമൊന്നും പിഴച്ചിട്ടുമില്ല.

ട്രംപ് പറയുന്നത് ശരിയാണെങ്കില്‍ രണ്ട് സൈനിക താവളങ്ങളില്‍ നിന്നും ഒളിച്ചോടിയതിപ്പോള്‍ അമേരിക്കന്‍ സൈന്യമാണ്. ലോക പൊലീസിന് ലോകത്തിന് മുന്നില്‍ ഇതില്‍പരം ഒരു നാണക്കേട് ഉണ്ടാകാനില്ല.

അമേരിക്കന്‍ കോണ്‍ഗ്രസ്സിനോട് പോലും ആലോചിക്കാതെയാണ് ട്രംപ് ഇറാന്‍ ജനറലിനെ കൊന്നത്. അതു കൊണ്ട് തന്നെ ഡെമോക്രാറ്റുകള്‍ അടക്കമുള്ളവര്‍ ഈ നടപടിക്ക് എതിരുമാണ്. ജനശ്രദ്ധ തിരിച്ച് വിടാന്‍ ട്രംപ് നടത്തിയ ആക്രമണമായിട്ട് തന്നെയാണ് കൊലപാതകത്തിനെ ഒരു വിഭാഗം അമേരിക്കന്‍ ജനതയും നോക്കി കാണുന്നത്.

സ്വന്തം തട്ടകത്തില്‍ തന്നെ കാറ്റ് എതിരാണെന്ന തിരിച്ചറിവ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഇപ്പോഴുണ്ട്. സേനാബലം കാണിക്കാന്‍ ആഗ്രഹിക്കുന്നില്ലന്ന ട്രംപിന്റെ പ്രതികരണം തന്നെ ആശങ്കയില്‍ നിന്നുള്ളതാണ്. അമേരിക്ക തിരിച്ചടിച്ചാല്‍ ഇസ്രയേലിനെയും ദുബായിയെയും ആക്രമിക്കുമെന്ന ഇറാന്റെ ഭീഷണിയും ശരിക്കും ഏറ്റിട്ടുണ്ട്. സ്വന്തം സൈനിക താവളം സംരക്ഷിക്കാന്‍ പറ്റാത്തവര്‍ക്ക് ദുബായിയെ സംരക്ഷിക്കാന്‍ പറ്റില്ലന്ന് യു.എ.ഇ ഭരണകൂടത്തിനും ബോധ്യമായിട്ടുണ്ട്. അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ള ഈ സമ്മര്‍ദ്ദവും ട്രംപിനെ പ്രതിരോധത്തിലാക്കിയ മറ്റൊരു ഘടകമാണ്.

Staff Reporter

Top