ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയുടെ ഭാഗമാക്കാന്‍ ഒരുങ്ങി ട്രംപ്; ഉപദേഷ്ടാക്കളുമായി ചര്‍ച്ച നടത്തി

വാഷിങ്ടണ്‍: ഗ്രീന്‍ലാന്‍ഡ് ദ്വീപിനെ അമേരിക്കയുടെ ഭാഗമാക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപദേഷ്ടാക്കളുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. കാനഡയുടെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ദ്വീപാണ് ഗ്രീന്‍ലാന്‍ഡ്. ഡെന്മാര്‍ക്കിന് കീഴില്‍ സ്വതന്ത്ര പരമാധികാരമുള്ള ഭൂപ്രദേശമാണിത്. ദ വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ട്രംപിന്റെ നീക്കം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ഭൂരിഭാഗം മേഖലയും മഞ്ഞുമൂടിക്കിടക്കുന്ന ഗ്രീന്‍ലാന്‍ഡിന്റെ പ്രകൃതിവിഭവങ്ങളും ഭൂമിശാസ്ത്രപരമായ പ്രാധാന്യവുമാണ് മുന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ കൂടിയായ ട്രംപിനെ ആകര്‍ഷിച്ചതെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഗ്രീന്‍ലാന്‍ഡിനെ യുഎസിനൊപ്പം കൂട്ടിച്ചേര്‍ക്കുമെന്നുള്ള വാര്‍ത്തയെ കുറിച്ച് വൈറ്റ്ഹൗസോ ഡാനിഷ് എംബസിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഗ്രീന്‍ലാന്‍ഡിനെ കൂട്ടിച്ചേര്‍ക്കുന്നത് യുഎസിന് നേട്ടമാണെന്നാണ് ട്രംപിന്റെ ഉപദേഷ്ടാക്കളില്‍ ചിലരുടെ അഭിപ്രായം. എന്നാല്‍ ഇത് ട്രംപിന്റെ വ്യാമോഹം മാത്രമാണെന്ന് മറ്റു ചിലര്‍ പറയുന്നു.

അതേസമയം, തങ്ങളുടെ രാജ്യത്തിന് കീഴിലെ ഭൂപ്രദേശത്തെ സ്വന്തമാക്കാന്‍ ട്രംപ് ആഗ്രഹിക്കുന്നതായ വാര്‍ത്തയോട് ഡാനിഷ് ജനപ്രതിനിധികള്‍ രൂക്ഷമായാണ് പ്രതികരിച്ചത്. ഇത് ഏപ്രില്‍ ഫൂള്‍ തമാശയാണെന്നും സാഹചര്യത്തിന് അനുയോജ്യമല്ലെന്നും ഡെന്മാര്‍ക്ക് മുന്‍ പ്രധാനമന്ത്രി ലാര്‍സ് ലോക്ക് റസ്മുസ്സെന്‍ ട്വിറ്ററില്‍ പറഞ്ഞു. മറ്റൊരു രാജ്യത്തിന്റെ ഭൂപ്രദേശത്തെ സ്വന്തമാക്കാന്‍ ട്രംപ് ചിന്തിച്ചുവെന്നത് യാഥാര്‍ഥ്യമാണെങ്കില്‍ അദ്ദേഹത്തിന്റെ തലക്ക് വെളിവില്ലാതാവുകയാണെന്ന് ഡാനിഷ് പീപിള്‍സ് പാര്‍ട്ടി വക്താവ് പറഞ്ഞു. ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്‍, വിദേശകാര്യ മന്ത്രി ജെപ്പെ കോഫോഡ് എന്നിവര്‍ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

Top