ഐക്യരാഷ്ട്ര സഭാ സമ്മേളനത്തില്‍ ഇന്ത്യയെ പ്രശംസിച്ച് ഡൊണാള്‍ഡ് ട്രംപ്

Trump

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭ സമ്മേളനത്തില്‍ ഇന്ത്യയെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദാരിദ്ര നിര്‍മ്മാര്‍ജ്ജ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടം വളരെ വലുതാണെന്നും നൂറുകോടിയിലധികം ജനങ്ങളുള്ള ഇന്ത്യയില്‍ ലക്ഷക്കണക്കിന് ആളുകളെ ദാരിദ്രത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാരിനായെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയിലെ ലക്ഷക്കണക്കിനാളുകള്‍ ഇപ്പോള്‍ മധ്യവര്‍ഗ്ഗമായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളെ ആദരിക്കുകയും നല്ലബന്ധം പുലര്‍ത്തുന്നതുമായ രാജ്യങ്ങള്‍ക്ക് മാത്രമേ അമേരിക്ക ഇനിമുതല്‍ സാമ്പത്തിക സഹായം നല്‍കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോളീകരണത്തെ അമേരിക്ക അംഗീകരിക്കുന്നില്ല. അമേരിക്കയുടെ പരമാധികാരം ഉത്തരവാദിത്വമില്ലാത്ത ഒരുകൂട്ടം ആഗോള ബ്യൂറോക്രാറ്റുകള്‍ക്ക് അടിയറവയ്ക്കില്ല. ഇരുപതാം നൂറ്റാണ്ടിലെ സ്ഥാപനങ്ങള്‍ക്കും മനോഭാവങ്ങള്‍ക്കും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളി നേരിടാനാവില്ലെന്നും ട്രംപ് വ്യക്തമാക്കി.

മുന്‍ അമേരിക്കന്‍ ഭരണകൂടങ്ങളെ അപേക്ഷിച്ച് തന്റെ സര്‍ക്കാര്‍ ഏറെ നേട്ടം കൈവരിച്ചെന്ന് ട്രംപ് അവകാശവാദം ഉന്നയിച്ചപ്പോള്‍ സദസ്യര്‍ കളിയാക്കിച്ചിരിച്ചു. ഇത്തരം പ്രതികരണം പ്രതീക്ഷിച്ചില്ലെന്നും സാരമില്ലെന്നും പറഞ്ഞു കത്തിക്കയറിയ ട്രംപ് ഇറാനെതിരെയും ആഞ്ഞടിച്ചു.

ഇറാനുമായുള്ള ആണവക്കരാറില്‍നിന്നു പിന്മാറിയതിനെ ന്യായീകരിക്കുകയും ഇറാനെ ഒറ്റപ്പെടുത്തണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ആഹ്വാനം ചെയ്തു. അവര്‍ മരണം വിതയ്ക്കുന്നവരാണെന്നും സ്വന്തം രാജ്യത്തെ കൊള്ളയടിച്ച് അവരുടെ നേതാക്കള്‍ സ്വത്തു വാരിക്കൂട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സൗദി അറേബ്യ നടപ്പാക്കിയ പരിഷ്‌കാരങ്ങളെ ട്രംപ് പ്രശംസിച്ചു. അമേരിക്കയെ മുതലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നു ചൈനയുമായുള്ള വാണിജ്യയുദ്ധത്തെ പരോക്ഷമായി പരാമര്‍ശിച്ചു പറഞ്ഞ ട്രംപ് ഉത്തരകൊറിയ ആണവ നിരായുധീകരണത്തിനു നടത്തുന്ന ശ്രമങ്ങളെ പ്രത്യേകം പരാമര്‍ശിച്ചു.

Top