ട്രംപിന്റെ മാധ്യമ വിരുദ്ധ ആക്ഷേപം; മറുപടി മുഖപ്രസംഗത്തിലൂടെ

വാഷിംഗ്ടണ്‍: മാധ്യമങ്ങള്‍ക്കെതിരെയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശക്തമായ ആക്ഷേപത്തിന് യു.എസിലെ സുപ്രധാന ദിനപത്രങ്ങള്‍ മുഖപ്രസംഗത്തിലൂടെ മറുപടി നല്‍കി. അമേരിക്കന്‍ ജനതയുടെ ശത്രുക്കളാണ് ചില മാധ്യമങ്ങളെന്ന ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് മാധ്യമ സ്വാതന്ത്ര്യത്തെയും, ട്രംപ് ഭരണകൂടത്തിന്റെ പൊള്ളത്തരങ്ങളും തുറന്നു കാട്ടി യു.എസിലെ ദിനപത്രങ്ങള്‍ മുഖപ്രസംഗം എഴുതിയത്. അമേരിക്കയിലെ പ്രമുഖ പത്രങ്ങളായ ന്യൂയോര്‍ക്ക് ടൈംസ്, ദ ബോസ്റ്റണ്‍ ഗ്ലോബ് എന്നിവയടക്കം പ്രധാനപ്പെട്ട 350 പത്രങ്ങളാണ് ട്രംപിനെതിരെ മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

രാജ്യത്ത് സത്യങ്ങള്‍ തുറന്നു പറയാന്‍ ധൈര്യമുള്ള മാധ്യമങ്ങളെ അടിസ്ഥാനമാക്കിയാണ് അമേരിക്കയുടെ മഹത്വം നിലകൊള്ളുന്നതെന്ന് ബോസ്റ്റണ്‍ ഗ്ലോബ് എഡിറ്റോറിയലില്‍ വ്യക്തമാക്കി. രണ്ട് നൂറ്റാണ്ടുകളായി ജനങ്ങള്‍ക്ക് മാധ്യമങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന വാര്‍ത്തകളെ പുച്ഛിക്കുന്നതാണ് ട്രംപിന്റെ പ്രസ്താവനയെന്നും എഡിറ്റോറിയലില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റിന് അനിഷ്ടമുണ്ടാക്കുന്ന സത്യങ്ങള്‍ തുറന്നെഴുതുന്ന മാധ്യമങ്ങളെ വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നുവെന്ന് പറഞ്ഞ് പരിഹസിക്കുന്നതാണ് ട്രംപിന്റെ നിലപാടെന്ന് ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടി.

Top