സിറിയയിലെ ദൂമാ നഗരത്തില്‍ സൈന്യം രാസായുധാക്രമണം നടത്തിയിട്ടില്ലെന്ന് റഷ്യ

russian

മോസ്‌കോ: സിറിയയിലെ ദൂമാ നഗരത്തില്‍ സൈന്യം രാസായുധാക്രമണം നടത്തിയിട്ടില്ലെന്നും മറിച്ച് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും റഷ്യ. സിറിയന്‍ സര്‍ക്കാരിനെ ലക്ഷ്യം വച്ചുള്ള പ്രചരണമാണിതെന്ന് റഷ്യന്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ യൂറി യുവ്തുഷെന്‍കോ പറഞ്ഞു.

സിറിയന്‍ സര്‍ക്കാരിനെതിരായ ഗൂഢമായ നീക്കമാണിതെന്നും ആക്രമണം നടന്നുവെന്ന് പറയപ്പെടുന്ന സ്ഥലത്തേക്ക് വിദഗ്ധരെ അയച്ച് പരിശോധനകള്‍ നടത്താന്‍ തയാറാണെന്നും റഷ്യന്‍ പ്രതിരോധമന്ത്രാലയ വൃത്തങ്ങളും അറിയിച്ചു.

ഇത് വെറും കെട്ടിച്ചമച്ച വാര്‍ത്തകളാണെന്നും സിറിയയില്‍ ഉണ്ടാകാനിടയുള്ള സൈനിക ഇടപെടലിന് തടയിടുക എന്ന ഉദ്ദേശത്തോടെ ഉള്ള നടപടികളാണിതെന്നും പ്രതിരോധമന്ത്രാലയ വക്താക്കള്‍ അറിയിച്ചു.

ഞായറാഴ്ചയാണ് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസ് പ്രാന്തത്തില്‍ വിമതരുടെ പിടിയിലുള്ള ഈസ്റ്റേണ്‍ ഗൂട്ടായിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 70 പേര്‍ മരിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. 500ല്‍ അധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മരണസംഖ്യ 150 ആണെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ദൂമായില്‍ ബോംബ് ഷെല്‍ട്ടറുകള്‍ക്കു സമീപം ഹെലികോപ്റ്ററില്‍ നിന്നു ബാരല്‍ ബോംബ് വര്‍ഷിച്ചെന്നും ഇതില്‍നിന്നുള്ള ക്ലോറിന്‍ ഗ്യാസു ശ്വസിച്ചു ശ്വാസംമുട്ടിയാണു മിക്കവരും മരിച്ചതെന്നുമാണ് പറയപ്പെടുന്നത്.

Top