മനം മാറി ട്രംപ്; ചൈനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സമ്മതമെന്ന്

വാഷിങ്ടണ്‍: ചൈനയാണ് ആദ്യം കോവിഡ് വാക്‌സിന്‍ കണ്ടെത്തുന്നതെങ്കില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സമ്മതമാണെന്ന് സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

കോവിഡ് പ്രതിരോധത്തിനുള്ള വാക്‌സിന്‍ ആരു കണ്ടുപിടിച്ചാലും അവര്‍ക്കൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അതിപ്പോള്‍ ചൈനയാണെങ്കില്‍പ്പോലും അമേരിക്ക സ്വീകരിക്കുന്ന നിലപാട് ഇതു തന്നെയാവുമെന്നുമാണ് ട്രംപ് പറഞ്ഞു.

വാക്‌സിന്‍ വികസിപ്പിക്കാന്‍ അമേരിക്ക മികച്ച ശ്രമം നടത്തുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ചൈനയും അമേരിക്കയും തമ്മില്‍ വിവിധ വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ തീരുമാനം.

കോവിഡ് മഹാമാരിയുടെ വ്യാപനത്തിനെതിരെ തുടക്കം മുതലെ ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. കോവിഡിന് പിന്നില്‍ ചൈനയാണെന്ന് വിവിധ അവസരങ്ങളില്‍ ട്രംപ് ആരോപണം ഉയര്‍ത്തിയിരുന്നു

അതേസമയം, കൊറോണ വൈറസിനെ ചെറുക്കാനുള്ള മികച്ച മാര്‍ഗമാണ് മാസ്‌കെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ച് പ്രത്യക്ഷപ്പെട്ട് ദിവസങ്ങള്‍ക്കു ശേഷമാണ് ട്രംപിന്റെ പുതിയ ട്വീറ്റ്.

‘അദൃശ്യമായ ചൈനാ വൈറസിനെ തുരത്താന്‍ നാം ഒറ്റക്കെട്ടായി ശ്രമിക്കുകയാണ്. സാമൂഹികാകലം പാലിക്കാന്‍ സാധിക്കാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് രാജ്യസ്നേഹം വെളിവാക്കുമെന്ന് പലരും പറയുന്നു. നിങ്ങളുടെ പ്രിയങ്കരനായ ഈ പ്രസിഡന്റിനേക്കാള്‍ ദേശസ്നേഹമുള്ള മറ്റൊരാളില്ല’, ട്രംപ് ട്വീറ്റ് ചെയ്തു.

Top