വ്യാജ വാര്‍ത്തയ്ക്ക് അവാര്‍ഡ് നല്‍കാനൊരുങ്ങി ട്രംപ് ഭരണകൂടം ; പ്രഖ്യാപനം ഈ മാസം 8ന്

വാഷിംഗ്ടൺ : ലോകത്തിലെതന്നെ ഏറ്റവും വ്യത്യസ്ഥ അവാര്‍ഡ് പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് വൈറ്റ് ഹൗസും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും. കള്ളന്മാരും അഴിമതിക്കാരുമായ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള അവാര്‍ഡുകളാണ് ഈ മാസം 8ന് ട്രംപ് പ്രഖ്യാപിക്കുന്നത്.

ഫേക്ക് ന്യൂസ് ട്രോഫി എന്നാണ് അവാര്‍ഡിന് ട്രംപ് പേര് നല്‍കിയിരിക്കുന്നത്. അവാര്‍ഡ് പ്രഖ്യാപനം സംബന്ധിച്ച വിവരം ട്വിറ്ററിലൂടെയാണ് ട്രംപ് പങ്കുവെച്ചത്.

കഴിഞ്ഞ നവംബര്‍ 27നാണു അവാര്‍ഡിനെക്കുറിച്ച് ട്രംപ് ആദ്യമായി പ്രഖ്യാപിക്കുന്നത്. ഡിസംബര്‍ എട്ടിന് ഇതിലേക്കു നോമിനേഷനുകള്‍ ക്ഷണിച്ചു അറിയിപ്പും കൊടുത്തിരുന്നു. ഏറ്റവും മികച്ച ഫേക്ക് വാര്‍ത്തക്ക് ‘കിങ് ഓഫ് ഫേക്ക് ന്യൂസ്’ ട്രോഫിയാണ് നല്‍കുന്നത്.

ഒട്ടും സത്യസന്ധതയില്ലാത്ത റിപ്പോര്‍ട്ടിങ്, മോശം റിപ്പോര്‍ട്ടിങ്, വ്യാജ വാര്‍ത്ത തുടങ്ങി വിവിധ വിഭാഗങ്ങളിലായി അവാര്‍ഡുകള്‍ നല്‍കുമെന്നാണ് അറിയിപ്പ്. സിഎന്‍എന്‍, എബിസി ന്യൂസ്, ന്യൂയോര്‍ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, ടൈം മാഗസിന്‍ തുടങ്ങി വിവിധ മാധ്യമങ്ങളിലെ വാര്‍ത്തകളാണ് അവാര്‍ഡ് നിര്‍ണ്ണയത്തിനായി പരിഗണിക്കുന്നത്. എന്നാല്‍ ട്രംപിനെ അനുകൂലിക്കുന്ന ഫോക്‌സ് ന്യൂസിനെ അവാര്‍ഡ് പട്ടികയില്‍ ഉള്‍പെടുത്തിയിട്ടില്ല.

Top