യുഎസ്, ഇറാന്‍ സംഘര്‍ഷം ഇല്ലായിരുന്നെങ്കില്‍ ആ 176 പേരും ജീവനോടെ കാണുമായിരുന്നു!

ഴിഞ്ഞ ആഴ്ച തെഹ്‌റാനില്‍ നിന്നും പറന്നുയര്‍ന്നതിന് പിന്നാലെ മിസൈല്‍ വീഴ്ത്തിയ ഉക്രെയിന്‍ വിമാനത്തിലെ 57 കാനഡക്കാര്‍ ഉള്‍പ്പെടെ 176 പേരും ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. മേഖലയിലെ സംഘര്‍ഷം വര്‍ദ്ധിക്കാതെ ഇരുന്നെങ്കില്‍ ഇവര്‍ ജീവനോടെ കാണുമായിരുന്നുവെന്നാണ് ട്രൂഡോ വ്യക്തമാക്കിയത്. ഇറാന്‍ ജനറല്‍ കാസെം സുലൈമാനിയെ യുഎസ് വധിച്ചതിന് പിന്നാലെ ഇറാന്‍ അബദ്ധത്തില്‍ യാത്രാവിമാനം വീഴ്ത്തിയ സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ മേല്‍ കുറ്റം ചുമത്താതിരിക്കാന്‍ ട്രൂഡോ ശ്രദ്ധിച്ചു.

‘മേഖലയിലെ സംഘര്‍ഷം മൂര്‍ച്ഛിച്ചിരുന്നില്ലെങ്കില്‍ ആ കാനഡക്കാര്‍ ഇപ്പോള്‍ അവരുടെ കുടുംബങ്ങള്‍ക്കൊപ്പം വീടുകളില്‍ ഉണ്ടാകുമായിരുന്നു. ഒരു സംഘര്‍ഷമോ, യുദ്ധമോ ഉണ്ടാകുമ്പോള്‍ ഇതൊക്കെയാണ് നടക്കുക. നിരപരാധികളാണ് ഇതിന്റെ പ്രത്യാഘാതം ചുമക്കുന്നത്’, ഗ്ലോബല്‍ ന്യൂസ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ട്രൂഡോ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്ന ആരോപണങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി.

‘കാനഡക്കാര്‍ക്ക് നേരിട്ട വലിയ നഷ്ടത്തിന്റെ ദുഃഖത്തെക്കുറിച്ച് സംസാരിച്ചതാണ്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമായ ഉത്തരം വേണം, ഇത് ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പിക്കാനുള്ള നടപടിയും വേണം’, ട്രൂഡോ പറഞ്ഞു. സുലൈമാനിയെ വധിക്കാന്‍ ട്രംപ് ഉത്തരവിറക്കുന്നതിന്റെ ഒരു സൂചനയെങ്കിലും കിട്ടിയിരുന്നെങ്കില്‍ നന്നാകുമായിരുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. നാറ്റോ പരിശീലന ദൗത്യത്തിന്റെ ഭാഗമായി ഇറാഖില്‍ കാനഡയുടെ സൈനികരും ഉണ്ടായിരുന്നു.

‘വലിയ അബദ്ധം’ സംഭവിച്ചതായുള്ള ഇറാന്റെ കുറ്റസമ്മതം അവര്‍ക്ക് നേരെ രോഷം ഉയര്‍ത്തുകയാണ്. ‘നീതിക്കായി മുറവിളിയുണ്ട്.അത് നടപ്പാക്കാനുള്ള ഉത്തരവാദിത്വം ഇറാന്‍ ഗവണ്‍മെന്റിനാണ്’, ട്രൂഡോ ഓര്‍മ്മിപ്പിച്ചു.

Top