ഇറാനില്‍ കൊല്ലപ്പെട്ടത് 65 കാനഡക്കാര്‍; ഉത്തരം വേണമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

കീവിലേക്ക് പറന്ന ഉക്രെയിന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം പറന്നുയര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുവീണ സംഭവത്തില്‍ ചോദ്യങ്ങള്‍ തേടി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. വിമാനത്തില്‍ സഞ്ചരിച്ച 176 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതല്‍ പേരും കാനഡ, ഇറാന്‍ സ്വദേശികളാണ്.

അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനങ്ങള്‍ അറിയിച്ച ട്രൂഡോ സംഭവത്തെ ‘ഹൃദയംതകര്‍ക്കുന്ന ദുരന്തം’ എന്നാണ് വിശേഷിപ്പിച്ചത്. ‘വരുന്ന ആഴ്ചകളില്‍ രാജ്യത്തിന്റെ സഖ്യകക്ഷികള്‍ക്കൊപ്പം ചേര്‍ന്ന് ഈ വിഷയം കൃത്യമായി അന്വേഷിക്കുന്നുവെന്ന് ഉറപ്പാക്കും. കാനഡക്കാര്‍ക്ക് നിരവധി ചോദ്യങ്ങളും, ഇതിന് ഉത്തരങ്ങളും ആവശ്യമാണ്’, ജസ്റ്റിന്‍ ട്രൂഡോ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

വിമാന അപകടം സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സംസാരിച്ചതായി ട്രൂഡോ കൂട്ടിച്ചേര്‍ത്തു. കനേഡിയന്‍ സര്‍ക്കാരിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ അമേരിക്ക സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തിയിട്ടുള്ളതിനാല്‍ ഇതിന്റെ പരിശോധനയില്‍ വിവരങ്ങള്‍ലഭിക്കുമെന്നാണ് പ്രതീക്ഷ.

എന്നാല്‍ വിമാനം തകര്‍ന്നത് സംബന്ധിച്ച അന്വേഷണങ്ങളില്‍ അമേരിക്കയെ ഒരു തരത്തിലും ഇടപെടുത്തില്ലെന്നാണ് ഇറാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവി അലി അബെദ്‌സാദെയുടെ നിലപാട്. വിമാനം നിര്‍മ്മിച്ച ബോയിംഗിനും, അമേരിക്കയ്ക്കും ബ്ലാക് ബോക്‌സ് കൈമാറില്ലെന്നും അലി കൂട്ടിച്ചേര്‍ത്തു. ബോയിംഗിനെ ഒഴിവാക്കിയുള്ള അന്വേഷണങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് കാരണമാകുമെന്നാണാണ് വിമര്‍ശനം ഉയരുന്നത്.

Top