മമത വിളിച്ച യോഗത്തില്‍ പങ്കെടുക്കാൻ ടി.ആർ. എസില്ലന്ന് കെ. ചന്ദ്രശേഖര്‍ റാവു

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി മമത ബാനര്‍ജി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ടി.ആര്‍.എസ്. വ്യക്തമാക്കി. കോണ്‍ഗ്രസുമായി വേദിപങ്കിടുന്നതിനും സഖ്യത്തിലേർപ്പെടുന്നതിനും താത്പര്യമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പിന്‍മാറ്റം.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കാണ് മമത യോഗം വിളിച്ചത്. ഒരാളെ സ്ഥാനാര്‍ഥിയായി തീരുമാനിക്കുകയും അതിന് ശേഷം ഇക്കാര്യം അറിയിക്കുമ്പോള്‍ ആ വ്യക്തി പിന്‍മാറുകയും ചെയ്യുന്നു. അതിന് ശേഷം യോഗംചേരുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്നും ടിആര്‍എസ് ചോദിക്കുന്നു.

ബിജെപിക്ക് എതിരെയുള്ള സഖ്യത്തില്‍ മമതയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ മുന്‍പ് ടിആര്‍എസ് താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ യോഗത്തിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിച്ചതിലെ പ്രതിഷേധം അറിയിച്ചാണ് ടി.ആര്‍എസ് യോഗം ബഹിഷ്‌കരിക്കുന്നത്. പാര്‍ട്ടിയുടെ എതിര്‍പ്പിനെ മറികടന്നാണ് കോണ്‍ഗ്രസിനെ ക്ഷണിച്ചത്. അടുത്തിടെ തെലങ്കാനയിലെത്തിയ രാഹുല്‍ ഗാന്ധി ബിജെപിക്ക് എതിരെ ഒരു വാക്കുപോലും പറയാതെ സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ചതാണ് ടി.ആര്‍.എസിനെ പ്രകോപിപ്പിച്ചത്. ബുധനാഴ്ച ചേരുന്ന യോഗത്തില്‍ ആംആദ്മി പാര്‍ട്ടിയും പങ്കേടുക്കില്ല.

Top