തെലങ്കാനയില്‍ ബിജെപിയെ മലര്‍ത്തിയടിച്ച് ടിആര്‍എസ്

ഹൈദരാബാദ്: തെലങ്കാനയിലെ മുനുകോഡ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരത്തില്‍ ബിജെപിയെ പരാജയപ്പെടുത്തി തെലങ്കാന രാഷ്ട്രസമിതി. ബിജെപിയുടെ കോമതിറെഡ്ഡി രാജ് ഗോപാൽ റെഡ്ഡിയെ പതിനായിരത്തിന് മുകളില്‍ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് ടിആര്‍എസിന്റെ കൂസുകുന്ത്‍ല പ്രഭാകർ റെഡ്ഡി വിജയം നേടിയത്. ആവേശകരമായ മത്സരത്തില്‍ അഭിമാന വിജയമാണ് ടിആര്‍എസ് സ്വന്തമാക്കിയിട്ടുള്ളത്.

സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസിന് കെട്ടിവെച്ച കാശ് പോലും നഷ്ടമായെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റമാണ് നേടിയിരിക്കുന്നത്. മൂന്ന് മണ്ഡലങ്ങള്‍ നിലനിര്‍ത്തിയ ബിജെപി ഒന്ന് പിടിച്ചെടുക്കയും ചെയ്തു. ബിഹാറിലെ ഗോപാല്‍ ഗഞ്ച് , ഒഡീഷയിലെ ധം നഗര്‍, ഉത്തര്‍പ്രദേശിലെ ഗോല ഗോരഖ് നാഥ് മണ്ഡലങ്ങളാണ് ബിജെപി നിലനിര്‍ത്തിയത്.

ആര്‍ജെഡിയുമായി ചേര്‍ന്ന് ജെഡിയു സര്‍ക്കാര്‍ രൂപീകരിച്ച ബിഹാറിലെ ഗോപാല്‍ ഗഞ്ച് മണ്ഡലത്തിലെ വിജയം ബിജെപിക്ക് മധുരപ്രതികരമായി. ഇഞ്ചോടിഞ്ച് മത്സരത്തില്‍ 1789 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി കുസംദേവി വിജയിച്ചത്. ബിഹാറിലെ തന്നെ മൊകാമ മണ്ഡലം നിലനിര്‍ത്താനായത് ആര്‍ജെഡിക്ക് ആശ്വാസമായി. ഒഡീഷയിലെ ധംനഗര്‍, ഉത്തര്‍പ്രദേശിലെ ഗോല ഗോരഖ് നാഥ് മണ്ഡലങ്ങളില്‍ എല്ലാ ഘട്ടങ്ങളിലും ബിജെപി വ്യക്തമായ ലീഡ് നിലനിര്‍ത്തി.

Top