ടിആർപി റേറ്റിം​ഗ് തട്ടിപ്പ്; എഫ്ഐആറിൽ രണ്ടു ചാനലുകളെ കൂടി ഉൾപ്പെടുത്തി മുംബൈ പൊലീസ്

മുംബൈ : ടിആർപി റേറ്റിംഗ് തട്ടിപ്പ് കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തി മുംബൈ പൊലീസ്. രണ്ട് ചാനലുകളെ കൂടി എഫ്ഐആറിൽ ഉൾപ്പെടുത്തി. സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിൻവലിച്ചതിന് പിന്നാലെയാണ് മുംബൈ പൊലീസിന്റെ നീക്കം.

ബാർക് റേറ്റിംഗിൽ മുന്നിലെത്താൻ റിപ്പബ്ളിക് ടിവിയടക്കം മൂന്ന് മാധ്യമങ്ങൾ കൃതിമം നടത്തിയെന്നായിരുന്നു മുംബൈ പൊലീസിൻ്റെ കണ്ടെത്തൽ. വൈകാതെ സംഭവം മഹാരാഷ്ട്ര ഭരിക്കുന്ന ശിവസേന- കോൺ​ഗ്രസ് സഖ്യവും ബിജെപിയും തമ്മിലുള്ള ഏറ്റുമുട്ടലായി മാറിയിരുന്നു. ടിആർപി തട്ടിപ്പിൽ പ്രതിസ്ഥാനത്തുള്ള റിപബ്ളിക് ടിവി കേസിൽ നേരത്തെ തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കേസിൽ മുംബൈ പൊലീസ് തങ്ങളെ ലക്ഷ്യമിട്ട് അന്വേഷണം നടത്തുകയാണെന്നായിരുന്നു അവരുടെ ആരോപണം. ഉത്തർപ്രദേശ് സർക്കാരിൻ്റെ ശുപാർശയിന്മേൽ കേസിൻ്റെ അന്വേഷണം കഴിഞ്ഞ ദിവസം സിബിഐ ഏറ്റെടുത്തിരുന്നു. എന്നാൽ സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിൻവലിച്ചതോടെ പുതിയ നീക്കം നടത്തിയിരിക്കുകയാണ് മുംബൈ പൊലീസ്.

ഐപിസി 174, 179, 201, 204 തുടങ്ങിയ വകുപ്പുകളാണ് പുതുതായി ചുമത്തിയത്. വിശ്വാസവഞ്ചന (ഐപിസി 409), വഞ്ചന 420, ഐപിസി 120 ബി, 34 എന്നിവയാണ് നേരത്തെ ചുമത്തിയിരുന്നത്. ടിആ‍ർപിയിൽ രാഷ്ട്രീയ വിവാദം കൊഴുക്കുന്നതിനിടെയാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. നടൻ സുശാന്ത് സിം​ഗ് രാജ്പുതിൻ്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാ‍ർത്തകളുടെ ഉറവിടം തേടി നടത്തിയ അന്വേഷണമാണ് റിപ്പബ്ളിക് ടിവിയിലെത്തിയതെന്നാണ് നേരത്തെ മുംബൈ പൊലീസ് വ്യക്തമാക്കിയിരുന്നത്.

Top