ബീഹാർ സൂപ്പർ ക്ലൈമാക്സിലേക്കോ ? ലാലു പുത്രരുടെ തല്ലിൽ കാവിക്ക് പ്രതീക്ഷ

ലാലുപ്രസാദ് യാദവിന്റെ മക്കള്‍പോരില്‍ പിടഞ്ഞ് ബീഹാറിലെ മഹാസഖ്യം. നിധീഷ്‌കുമാര്‍-മോദി കൂട്ടുകെട്ടിന് അന്ത്യംകുറിച്ച് മഹാസഖ്യം മുന്നേറുമെന്ന സൂചനകള്‍ ഉയരുമ്പോഴാണ് പാളയത്തിലെ പടയായി ലാലുവിന്റെ മക്കളുടെ തമ്മിലടി മുന്നണിക്ക് തലവേദനയാകുന്നത്.

സഹോദരനായ ബീഹാര്‍ പ്രതിപക്ഷ നേതാവുകൂടിയായ തേജസ്വി യാദവുമായുള്ള അഭിപ്രായ വ്യത്യാസമാണ് പൊട്ടിത്തെറിയിലെത്തിച്ചിരിക്കുന്നത്. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഭീഷണി മുഴക്കിയ തേജ് പ്രതാപിനെ അനുനയിപ്പിക്കാന്‍ ലാലുവും ഭാര്യ റാബ്രിദേവിയും ശ്രമം തുടങ്ങിയിട്ടുണ്ട്.ഈ ഇടഞ്ഞ കൊമ്പനെ മെരുക്കിയാലും പാളയത്തിലെ പാരവെപ്പ് ഉറപ്പാണ് . സ്ഥാനാര്‍ത്ഥി നിര്‍ണയ തര്‍ക്കത്തെ തുടര്‍ന്ന് ലാലു പ്രസാദ് യാദവിന്റെ മൂത്ത മകന്‍ തേജ് പ്രതാപ് യാദവ് വിദ്യാര്‍ത്ഥി സംഘടനാ കണ്‍വീനര്‍ സ്ഥാനം നേരത്തെ രാജിവെച്ചിരുന്നു.

ഇതിന് പിന്നാലെയാണ് തേജസ്വി യാദവ് മഹാസഖ്യം മത്സരിക്കുന്ന സീറ്റുകള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സഖ്യത്തിലെ വലിയ കക്ഷിയായ ആര്‍ജെഡി 19 സീറ്റിലും ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി അഞ്ച് സീറ്റിലും കോണ്‍ഗ്രസ് ഒമ്പത് സീറ്റിലും മത്സരിക്കാനുമാണ് ധാരണ.

എല്‍ജെഡിനേതാവ് ശരത് യാദവ് ആര്‍ജെഡി ടിക്കറ്റില്‍ മധേപ്പുര മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. ലാലുപ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതി പാടലിപുത്ര മണ്ഡലത്തില്‍ നിന്നും ജയപ്രകാശ് യാദവ് ബാങ്ക മണ്ഡലത്തില്‍ നിന്നും മത്സരിക്കും.ഇവരുള്‍പ്പെടെ 18 സ്ഥാനാര്‍ഥികളുടെ പേരാണ് പട്ടികയിലുള്ളത്. ഒരു മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ ആര്‍ജെഡി പ്രഖ്യാച്ചിട്ടുമില്ല.അഞ്ച് സീറ്റുകള്‍ ഉള്ള ആര്‍എല്‍എസ്പി ഒരു സ്ഥാനാര്‍ഥിയെ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളു. ഒമ്പത് സീറ്റുള്ള കോണ്‍ഗ്രസ് മൂന്ന് സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞു.

ജഹനാബാദ്, ശിവഹര്‍ മണ്ഡലത്തില്‍ തന്റെ അനുയായികള്‍ക്ക് സീറ്റു നല്‍കണമെന്ന തേജ് പ്രതാപിന്റെ ആവശ്യം തേജസ്വി യാദവ് പാടെ തള്ളി കളഞ്ഞുകൊണ്ടാണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അഴമിതിക്കേസില്‍ ലാലുപ്രസാദ് യാദവ് ജയിലിലായതോടെ ആര്‍.ജെ.ഡിയുടെ സംഘടനാചുമതല തേജസ്വി യാദവിനാണ്. പാര്‍ട്ടിയിലെ സുപ്രധാന തസ്തികകളില്‍ സ്വന്തം അനുയായികളെയാണ് തേജസ്വി ഇപ്പോള്‍ തിരുകിക്കയറ്റിയിരുന്നത്. ഈ നീരസമാണ് തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ തന്നെ പൊട്ടിത്തെറിയിലേക്കെത്തിയിരിക്കുന്നത്.

പിളര്‍പ്പിലേയ്ക്ക് നീളാതെ മക്കളെ മെരുക്കിയെടുക്കാന്‍ ഭാര്യ റാബ്രി ദേവിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ലാലു. നേരത്തെ ലാലു അഴിമതി ക്കേസില്‍ ജയിലില്‍പ്പോയപ്പോള്‍ വീട്ടമ്മയായ റാബ്രിയെ ബീഹാറിന്റെ മുഖ്യമന്ത്രിയാക്കിയിരുന്നു. ലാലുവിന്റെ ആജ്ഞക്കനുസരിച്ച് വിനീതവിധേയയായാണ് റാബ്രി ഭരണം നടത്തിയത്. എന്നാല്‍ മക്കള്‍ പകരമെത്തിയതോടെയാണ് തമ്മിലടി മൂര്‍ഛിച്ചത്.

40 ലോക്‌സഭാംഗങ്ങളെ പാര്‍ലമെന്റിലേക്കയക്കുന്ന ബീഹാര്‍ കേന്ദ്ര ഭരണം പിടിക്കുന്നതിന് ബി.ജെ.പിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഏറ്റവും മികച്ച സഖ്യകക്ഷിയാണ് ലാലുവിന്റെ ആര്‍.ജെ.ഡി.

ഹിന്ദി ഹൃദയഭൂമിയിലെ പ്രധാന സംസ്ഥാനമായ ബീഹാറില്‍ ലാലു കോണ്‍ഗ്രസ് മഹാസഖ്യത്തിനാണ് മേല്‍ക്കൈ എന്നാണ് സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഈ പ്രതീക്ഷകളെ ലാലുവിന്റെ മക്കള്‍പ്പോര് തല്ലിക്കെടുത്തുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം. പ്രശ്‌നപരിഹാരത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്റും ഇതിനകം തന്നെ ഇടപെട്ടിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി തേജ്പ്രതാപ് യാദവ് മത്സരിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന.

അതേസമയം, തേജ് പ്രദാപിന്റെ മുന്‍ ഭാര്യാ പിതാവ് ചന്ദ്രിക രായ്ക്ക് സരണ്‍ മണ്ഡലത്തില്‍ സീറ്റ് നല്‍കിയതും കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ സരണ് സീറ്റില്‍ തേജ്പ്രദാപ് മത്സരിക്കാനാണ് സാധ്യത. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ലാലുവിന്റെ മക്കള്‍ തമ്മിലുള്ള പോരാട്ടം ബീഹാറിലെ തെരഞ്ഞെടുപ്പ് വിധിയെ കാര്യമായി സ്വാധീനിക്കാന്‍ തന്നെയാണ് സാധ്യത.

Top