ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ സംസ്ഥാനത്ത്‌ ട്രോളിംഗ് നിരോധനം

തിരുവനന്തപുരം : കേരളത്തില്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ (രണ്ട് ദിവസവും ഉള്‍പ്പെടെ) 52 ദിവസം ട്രോളിംഗ് നിരോധം ഏര്‍പ്പെടുത്തി.ട്രോളിംഗ് നിരോധന കാലയളവില്‍ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവരെ ആശ്രയിച്ച്‌ ഉപജീവനം കണ്ടെത്തുന്ന തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷന്‍ വിതരണം ഊര്‍ജ്ജിതമാക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കാന്‍ അതത് ജില്ലകളിലെ മത്സ്യ ഫെഡിന്റെ തെരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ നിബന്ധനകള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം.

മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ട്രോളിംഗ് നിരോധന കാലയളവില്‍ കൂടുതല്‍ പൊലീസുകാരുടെ സേവനം ആവശ്യമായി വന്നാല്‍ ജില്ലാ ഫിഷറീസ് ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്നതനുസരിച്ച് അനുവദിക്കാന്‍ അതത് ജില്ലാ പൊലീസ് മേധാവികള്‍ നടപടി സ്വീകരിക്കണം. ജൂണ്‍ ഒമ്പതിന് വൈകുന്നേരത്തോടെ ട്രോളിംഗ് ബോട്ടുകള്‍ എല്ലാം കടലില്‍ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈന്‍ എന്‍ഫോഴ്‌സുമെന്റും കോസ്റ്റല്‍ പൊലീസും ഉറപ്പാക്കണം. ട്രോളിംഗ് നിരോധനം ലംഘിയ്ക്കുന്ന ട്രോള്‍ ബോട്ടുകള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാം.

Top