പരിപാടിയിൽ സൈനിക മുദ്രാവാക്യത്തിന് ട്രോൾ; കോമഡി ട്രൂപ്പിന് വന്‍തുക പിഴയിട്ട് ചൈന

ഷാംങ്ഹായ്: കോമഡി പരിപാടിക്കിടെ നടത്തിയ സൈനിക പരാമര്‍ശം വന്‍ വിവാദമായി കോമഡി ട്രൂപ്പിന് വന്‍തുക പിഴയിട്ട് ചൈന. ചൈനയിലെ ഏറ്റവും പ്രശസ്തമായ കലാസ്ഥാപനത്തിനാണ് സൈനിക തമാശ പണിയായത്. സമൂഹത്തിന് ഉപദ്രവിക്കുന്ന നിലയിലെ പരാമര്‍ശമെന്ന പേരില്‍ 17.6 കോടിയില്‍ അധികം രൂപയാണ് ഷാംങ്ഹായ് സിയാഗോ കള്‍ച്ചര്‍ മീഡിയ കമ്പനിക്ക് പിഴയിട്ടത്. അടുത്തിടെ ഒരു കോമഡി പരിപാടിക്കിടെ നടത്തിയ പരാമര്‍ശത്തിന് രൂക്ഷമായ വിമര്‍ശനമാണ് സ്ഥാപനം നേരിടേണ്ടി വന്നത്.

15.7 കോടി രൂപ പരിപാടിയിലൂടെ നിയമ ലംഘനം നടത്തിയതിനും 1.9 കോടി രൂപ അനധികൃതമായി സ്വത്ത് സമ്പാദിച്ചതിനുമാണ് സ്ഥാപനം നല്‍കേണ്ടി വരിക. അടുത്തിടെ സ്ഥാപനത്തിനായി കോമഡി പരിപാടി അവതരിപ്പിച്ച ലി ഹവോഷിയെ അറസ്റ്റ് ചെയ്തിരുന്നു. സേനയുടെ മുദ്രാവാക്യത്തെ തന്റെ നായ്ക്കളുടെ പെരുമാറ്റത്തോട് താരതമ്യം ചെയ്തതാണ് ലി ഹാവോഷി ചെയ്ത കുറ്റം. തന്റെ പരാമര്‍ശത്തില്‍ പരസ്യമായി ഇയാള്‍ ക്ഷമാപണം നടത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. ബീജിംഗില്‍ ശനിയാഴ്ച നടന്ന സ്റ്റാന്‍ഡ് അപ് കോമഡി പരിപാടിക്കിടെയായിരുന്നു പരാമര്‍ശം.

2013ല്‍ ചൈനീസ് പ്രസിഡന്റ് അനാച്ഛാദനം ചെയ്ത മുദ്രാവാക്യത്തിനെയാണ് കോമഡി താരം പരിഹസിച്ചത്. പരിപാടിയില്‍ പങ്കെടുത്ത ആളുകള്‍ ഈ പരാമര്‍ശത്തിന് പൊട്ടിച്ചിരിക്കുന്ന വീഡിയോ ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യ സ്നേഹികള്‍ രൂക്ഷ വിമര്‍ശനവുമായി എത്തിയത്. ഇതോടെ കലാകാരന്റെ സമൂഹമാധ്യമത്തിലെ അക്കൌണ്ട് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ സ്റ്റാന്‍ഡ് അപ് കോമഡി പരിപാടി സംഘടിപ്പിച്ച സ്ഥാപനത്തിന് ബീജിംഗിലുള്ള പ്രവര്‍ത്തനം നിര്‍ത്താനും നിര്‍ദ്ദേശം ലഭിച്ചിരുന്നു. ചൈനയുടെ സാമൂഹ്യ മൂല്യം ഉയര്‍ത്തുന്ന രീതിയിലുള്ള പരിപാടികള്‍ പ്രോല്‍സാഹിപ്പിക്കാനും ചൈനീസ് ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരുന്നു.

പരിപാടിയില്‍ പങ്കെടുത്ത കാണികളിലൊരാളാണ് ലിയുടെ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന ഒന്നും തന്നെ രാജ്യ തലസ്ഥാനത്ത് നടക്കാന്‍ അനുവദിക്കില്ലെന്നും ഭരണകൂടം വിശദമാക്കിയിരുന്നു. സംഘാടനത്തില്‍ സംഭവിച്ച ഗുരുതര പിഴവാണ് പരിപാടിയില്‍ ഉണ്ടായതെന്ന് സ്ഥാപനം ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്. പ്രാദേശികരായ നിരവധി കോമഡി താരങ്ങളെ വളര്‍ത്തിക്കൊണ്ട് വന്ന പശ്ചാത്തലമുള്ള കലാസ്ഥാപനത്തിനെതിരെയാണ് ചൈനീസ് സര്‍ക്കാര്‍ കര്‍ശന നിലപാട് എടുത്തിട്ടുള്ളത്. 2015ലാണ് ഷാംങ്ഹായ് സിയാഗോ കള്‍ച്ചര്‍ മീഡിയ കമ്പനി രൂപീകൃതമായത്. 2021ല്‍ അടിവസ്ത്രങ്ങളുടെ ബ്രാന്‍ഡിനെക്കുറിച്ച് ഒരു കോമഡി താരം നടത്തിയ പരാമര്‍ശവും സ്ഥാപനത്തെ സമാനമായ കുരുക്കില്‍ ചാടിച്ചിരുന്നു.

Top