ട്രോളിങ് നിരോധനം: കൊല്ലം ജില്ലയില്‍ നിന്ന് മാത്രം 230 കിലോ വിഷ മല്‍സ്യം പിടിച്ചെടുത്തു

കൊല്ലം: ട്രോളിങ് നിരോധനത്തിന് പിന്നാലെ കൊല്ലം ജില്ലയില്‍ നിന്ന് മാത്രം രാസവസ്തുക്കള്‍ കലര്‍ന്ന 230 കിലോ മല്‍സ്യം പിടികൂടി. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച മല്‍സ്യങ്ങളിലാണ് രാസ വസ്തുക്കള്‍ കണ്ടെത്തിയത്.

ട്രോളിങ് നിരോധനം നിലവില്‍ വന്ന് ഒരു മാസം പിന്നിടുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍. ഫോര്‍മാലിന്‍ കലര്‍ന്ന മല്‍സ്യമാണ് പിടിച്ചെടുത്തതിലേറെയും. ജില്ലയിലെ പ്രധാനപ്പെട്ട മാര്‍ക്കറ്റുകളിലും വഴിയോര കച്ചവട കേന്ദ്രങ്ങളിലും ചെക്ക് പോസ്റ്റുകളിലും നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. കിറ്റ് ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധയില്‍ രാസ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന്, സാംപിളുകള്‍ വിശദമായ പരിശോധനകള്‍ക്ക് അയച്ചിട്ടുണ്ട്. രാസ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തി പിടിച്ചെടുത്ത മല്‍സ്യം നശിപ്പിച്ചു.

തമിഴ്‌നാട് ,ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്നയാണെന്നും, നടപടികള്‍ എടുക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നുമാണ് ഭക്ഷ്യസുരക്ഷ വകുപ്പ് പറയുന്നത്. അതാത് സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്.

Top