trivendra singh rawat takes oath chief minister uttarakhand

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ത്രിവേന്ദ്ര സിങ് റാവത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഡെറാഡൂണിലെ പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കെ.കെ. പോള്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഒമ്പതു മന്ത്രിമാരും സ്ഥാനമേറ്റു. പ്രധാനമന്ത്രി നേരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ,കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, ജെ.പി നന്ദ, ഉമ ഭാരതി തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

ഉത്തരാഖണ്ഡിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയാണ് ത്രിവേന്ദ്ര റാവത്ത്. ആര്‍എസ്എസ് പ്രചാരകനായി പൊതുജീവിതം ആരംഭിച്ച റാവത്ത് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ അടുപ്പക്കാരനാണ്.ഉത്തരാഖണ്ഡ് മേഖലയില്‍ പാര്‍ട്ടി ഓര്‍ഗനൈസിങ് സെക്രട്ടറിയാണ്. രജപുത്ര സമുദായക്കാരനായ ഇദ്ദേഹം 2007 ല്‍ ഉത്തരാഖണ്ഡില്‍ കൃഷിമന്ത്രിയായിരുന്നു. ഡോയിവാല മണ്ഡലത്തില്‍നിന്ന് 24,689 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു റാവത്ത് തിരഞ്ഞെടുക്കപ്പെട്ടത്.

ദോയ് വാല നിയോജക മണ്ഡലത്തില്‍ നിന്ന് മൂന്നാം തവണയാണ് ത്രിവേന്ദ്ര സിങ് റാവത്ത് നിയമസഭയിലെത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെയാണ് ബി.ജെ.പി അട്ടിമറിച്ചത്. ആകെ 70 സീറ്റില്‍ 57ലും ജയിച്ച് ബി.ജെ.പി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി. കോണ്‍ഗ്രസിന് 11 സീറ്റ് ലഭിച്ചു.

Top