ഷെഹലയുടെ മരണം; വിദ്യാഭ്യാസമന്ത്രി രാജി വെയ്ക്കണം; പ്രതിഷേധവുമായി കെ.എസ്.യു

തിരുവനന്തപുരം: വയനാട് ബത്തേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ കെ.എസ്.യു പ്രതിഷേധം. തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി രവീന്ദ്രനാഥിന്റെ ഓഫീസിന്റെ മുന്നില്‍ മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് ഓഫീസിന് മുന്നില്‍ തടഞ്ഞു. പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാതെ മതില്‍ ചാടിക്കടക്കാനുള്ള ശ്രമംതടഞ്ഞതിനെത്തുടര്‍ന്ന്‌ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു.

സംഭവത്തില്‍ വിദ്യാര്‍ത്ഥിനി പഠിച്ചിരുന്ന സ്‌കൂളിന്റെ പ്രിന്‍സിപ്പാളിനെയും ഹെഡ്മാസ്റ്ററെയും വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്യുകയും സ്‌കൂളിന്റെ പിടിഎ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു.

സംഭവത്തില്‍ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അധ്യാപകനെ നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. യു പി സ്‌കൂള്‍ സയന്‍സ് അധ്യാപകനായ ഷജിലിനെയാണ് ഇന്നലെ തന്നെ സസ്‌പെന്‍ഡ് ചെയ്തത്.

Top