കൊറോണ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ പവന്‍ ഹാന്‍സിന് അഡ്വാന്‍സ് തുക കൈമാറി

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ സര്‍ക്കാര്‍ സാലറി ചലഞ്ച് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതിനിടയില്‍ ഹെലികോപ്ടര്‍ വാടകക്കെടുക്കുന്നതിന് പവന്‍ഹാന്‍സ് കമ്പനിക്ക് 1.5 കോടി രൂപ സര്‍ക്കാര്‍ കൈമാറി.

1.7 കോടി രൂപക്കാണ് പവന്‍ഹാന്‍സ് കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചത്. ഇതിന്റെ അഡ്വാന്‍സ് തുകയായി ആണ് ഇപ്പോള്‍ 1.5കോടി രൂപ കൈമാറിയിരിക്കുന്നത്. ഇന്നലെയാണ് ഈ തുക ട്രഷറിയില്‍ നിന്ന് പിന്‍വലിച്ചത്. അതേസമയം പണം പിന്‍വലിച്ചത് സ്വാഭാവിക നടപടിയാണെന്നും ഇത് സംബന്ധിച്ച് ഫെബ്രുവരിയില്‍ ധനകാര്യവകുപ്പ് ഉത്തരവിറക്കിയിരുന്നുവെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.

പോലീസിന്റെയടക്കം വിവിധ ആവശ്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ നേരത്തെ തന്നെ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചിരുന്നത്.

20 മണിക്കൂര്‍ സേവനത്തിനാണ് ഈ തുക ഈടാക്കുന്നത്. ഇതേ തുകയ്ക്ക് 60 മണിക്കൂര്‍ സേവനം വാഗ്ദാനം ചെയ്ത ചിപ്‌സന്‍ ഏവിയേഷന്‍ കമ്പനിയെ നിരസിച്ചാണ് പവന്‍ ഹാന്‍സിന് കരാര്‍ നല്‍കിയത്.

അതേസമയം, കൊറോണബാധക്കിടെ സര്‍ക്കാര്‍ വലിയരീതിയിലുള്ള ചെലവ് ചുരുക്കല്‍ നടപടികള്‍ക്കിടെ തുക കൈമാറിയതില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്‌.

Top