ലോകകേരള സഭയെ അഭിനന്ദിച്ച് രാഹുലിന്റെ സന്ദേശം; ട്വീറ്റിലൂടെ പങ്കുവെച്ച് പിണറായി

ന്യൂഡല്‍ഹി: പ്രവാസി കേരളീയരെ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോകകേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി എംപിയുടെ സന്ദേശം. മുഖ്യമന്ത്രി പിണറായി വിജയനാണ് ട്വീറ്റിലൂടെ സന്ദേശം പുറത്തുവിട്ടത്.

രാജ്യനിര്‍മാണത്തില്‍ പങ്കുവഹിച്ച പ്രവാസി കേരളീയരെ ഒന്നിച്ചുകൊണ്ടുവരുന്ന ലോകകേരള സഭ മികച്ച വേദിയായി മാറുകയാണെന്ന് അഭിനന്ദന സന്ദേശത്തില്‍ രാഹുല്‍ ഗാന്ധി കുറിച്ചു. ലോകകേരളസഭ ധൂര്‍ത്തെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്‌കരിച്ചതിനിടെയാണ് പരിപാടിയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി സന്ദേശമയക്കുന്നത്

രാഹുല്‍ ഗാന്ധിയുടെ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം

‘സംസ്ഥാനത്തിന്റെ പതാകവാഹകരായി എന്നും മാറിയ പ്രവാസി കേരളീയര്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍. പ്രവാസികളായ കേരളീയരെ ഒരുമിച്ച് ഒരു വേദിയില്‍ കൊണ്ടുവരാനും അവരുടെ സംഭാവനകള്‍ക്ക് വേണ്ട അംഗീകാരം നല്‍കാനും കഴിയുന്ന മികച്ച വേദിയാണ് ലോകകേരളസഭ.
ഇന്ത്യയുടേത് മാത്രമല്ല, ലോകത്തെ പല രാജ്യങ്ങളിലും ദേശനിര്‍മാണത്തിന് നിസ്തുലമായ പങ്ക് വഹിച്ചവരാണ് മലയാളികള്‍. ആത്മസമര്‍പ്പണം കൊണ്ടും ലക്ഷ്യബോധം കൊണ്ടും ഏറെ പ്രശംസ കേട്ടവര്‍. തലമുറകളായി അവര്‍ പല മേഖലകളിലും കഴിവ് തെളിയിക്കുന്നു, നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങള്‍ക്കും അതിന്റെ ഗുണം കിട്ടുകയും ചെയ്യുന്നു. കോസ്‌മോപൊളിറ്റന്‍ ആയി എന്നും വാഴ്ത്തപ്പെട്ട മലയാളി, പക്ഷേ നാടിനെ മറന്നവരല്ല. അവരെന്നും, സ്വന്തം നാടിന്റെ സംസ്‌കാരത്തില്‍ വേരുകളുള്ളവരാണ്. പ്രവാസി മലയാളികളുടെ പല സംരംഭങ്ങളും സ്വന്തം നാടിന് വേണ്ടിയുള്ള അവരുടെ സമര്‍പ്പണമാണ്.
സ്വന്തം നാടിന്റെ സമ്പന്നമായ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പതാകവാഹകരായ ഈ പ്രവാസികേരളീയ സമൂഹത്തിന് ഇതേ നേട്ടം ഇനിയും ആവര്‍ത്തിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
രാഹുല്‍ ഗാന്ധി,
12 ഡിസംബര്‍ 2019

പ്രവാസികളുടെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയായ ലോക കേരള സഭ തിരുവനന്തപുരത്ത് തുടരുകയാണ്.

പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്തിന്റേയും , ധൂര്‍ത്ത് ആക്ഷേപങ്ങളുടേയും പശ്ചാത്തലത്തിലാണ് ലോക കേരള സഭയുടെ രണ്ടാം സമ്മേളനം തിരുവനന്തപുരത്ത് തുടക്കമായത്.

നിലവിലെ ഉത്തരവിനു പകരം ലോകകേരള സഭ നിയമം കൊണ്ടുവരും. അവിടെ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ നിയമസഭയില്‍ കൊണ്ടുവരും. അതേപടിയോ ഭേദഗതികളോടെയോ പാസാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.

Top