സര്‍ക്കാര്‍ പരീക്ഷ കോച്ചിംഗ് സെന്ററുകള്‍ക്ക് ഇനി പിഎസ്‌സിയുടെ പേര് ചേര്‍ക്കാന്‍ പാടില്ല

തിരുവനന്തപുരം: സര്‍ക്കാര്‍ പരീക്ഷകള്‍ക്കായി കോച്ചിംഗ് നല്‍കുന്ന സെന്ററുകള്‍ക്ക് പിഎസ്‌സിയുടെ പേര് ചേര്‍ക്കുന്നത് തടയാനൊരുങ്ങി പിഎസ്‌സി കമ്മീഷന്‍. കോച്ചിംഗ് സ്ഥാപനങ്ങള്‍ക്ക് പിഎസ്‌സിയുടെ പേരില്‍ ബോര്‍ഡുകളും പരസ്യങ്ങളിലും ചേര്‍ക്കുന്നത് തടയാന്‍ പിഎസ്‌സി കമ്മീഷന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനിച്ചത്.

മാത്രമല്ല കോച്ചിംഗ് കേന്ദ്രങ്ങള്‍ ഇനി പിഎസ്‌സിയുടെ പേര് ദുരുപയോഗം ചെയ്താല്‍ പൊലീസില്‍ പരാതിപ്പെടാനും യോഗത്തില്‍ തീരുമാനമായി. തലസ്ഥാനത്തെ പരീക്ഷപരിശീലനകേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ പിഎസ്‌സി തീരുമാനിച്ചത്.

പിഎസ്‌സിയുടെ പേര് ദുരുപയോഗം ചെയ്താണ് ഇത്തരം സ്ഥാപനങ്ങള്‍ ആളുകളെ ആകര്‍ഷിക്കുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ദിവസമാണ് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ പിഎസ്സി പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നെന്ന ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് പിഎസ്സി പരിശീലന കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പിഎസ്‌സി ഈ തീരുമാനം കൈക്കൊണ്ടത്.

Top