കപില്‍ മിശ്രക്കൊരു പത്മശ്രീ മണക്കുന്നു: പരിഹസിച്ച് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടക്കുന്ന കലാപത്തില്‍ വിവാദ പരാമര്‍ശം ഉയര്‍ത്തിയ ബിജെപി നേതാവ് കപില്‍ മിശ്രയെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്.

ഡല്‍ഹി കലാപ ആഹ്വാനത്തില്‍ ഖേദമില്ലെന്ന് പറഞ്ഞ കപില്‍ മിശ്രക്കൊരു പത്മശ്രീ മണക്കുന്നു എന്നാണ് മുഹമ്മദ് റിയാസ് തന്റെ ഫെയ്‌സ്ബുക്കിലൂടെ കുറിച്ചത്.

കഴിഞ്ഞ ദിവസം കപില്‍ മിശ്ര താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഖേദമില്ലെന്നും ജാഫറാബാദ് ഒഴിപ്പിച്ചത് ശരിയായ നടപടിയാണെന്നുംപറഞ്ഞിരുന്നു. ഡല്‍ഹിയിലെ പ്രതിഷേധം കലാപമായി മാറിയത് കപില്‍ മിശ്രയുടെ വിദ്വേഷ പരാമര്‍ശങ്ങളായിരുന്നു. പരാമര്‍ശത്തിനെതിരെ ഗൗതം ഗംഭീര്‍ അടക്കമുള്ളവര്‍ നിലപാട് എടുത്തിരുന്നു. തുടര്‍ന്ന് സമാധാനാഹ്വാനവുമായി മിശ്ര രംഗത്തെത്തി. ഇതിനു ശേഷമാണ് തന്റെ വിവാദ പരാമര്‍ശങ്ങളെ മിശ്ര ന്യായീകരിച്ചത്.

തനിക്കെതിരെ വധ ഭീഷണികള്‍ വരുന്നുണ്ടെന്നും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ ഉള്ളവര്‍ തന്നെ അധിക്ഷേപിക്കുകയാണെന്നും മിശ്ര പറഞ്ഞു. എന്നാല്‍ തെറ്റ് ചെയ്തിട്ടില്ലാത്ത തനിക്ക് ഭയമില്ലെന്നും മിശ്ര കൂട്ടിച്ചേര്‍ത്തിരുന്നു.

ഷഹീന്‍ബാഗ് മാതൃകയില്‍ ജാഫ്രാബാദില്‍ പൗരത്വനിയമഭേദഗതിക്കെതിരേ ശനിയാഴ്ചയാണ് സ്ത്രീകളുടെ പ്രതിഷേധം ആരംഭിച്ചത്. ഞായറാഴ്ച വൈകീട്ടോടെ ഭേദഗതിയെ അനുകൂലിച്ച് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ മോജ്പുരില്‍ പ്രകടനം നടന്നിരുന്നു, ഇതേത്തുടര്‍ന്നാണ് ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.

മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

ഡൽഹി കലാപ ആഹ്വാനത്തിൽ
ഖേദമില്ലെന്ന് ബിജെപി നേതാവ് കപിൽ മിശ്ര.

കപിൽ മിശ്രക്കൊരു പത്മശ്രീ മണക്കുന്നു.

Top