വംശീയഹത്യ ആളിപ്പടരാതിരിക്കാന്‍ മാധ്യമ സംഘം വഹിച്ച പങ്ക് വളരെ വലുത് . . .

തിരുവനന്തപുരം: ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാര്‍ത്തചാനലുകളുടെ വിലക്കിനെ രൂക്ഷമായി വിമര്‍ശിച്ച് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്.

ഡല്‍ഹി കലാപം പടരുന്നത് തടയാന്‍ മാധ്യമങ്ങള്‍ നിര്‍ണായക പങ്കാണ് വഹിച്ചതെന്നും മാധ്യമപ്രവര്‍ത്തകരില്‍ പലരും ജനാധിപത്യത്തില്‍ പ്രതിപക്ഷം വഹിക്കേണ്ട റോളാണ് മാതൃകാപരമായി നിര്‍വ്വഹിച്ചതെന്ന് മുഹമ്മദ് റിയാസ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഭയപ്പെടുത്തി മാധ്യമങ്ങളെയാകെ കീഴ്‌പ്പെടുത്തുക എന്നതിന്റെ ഭാഗമായാണ് ഏഷ്യാനെറ്റ്, മീഡിയവണ്‍ എന്നീ ചാനലുകള്‍ക്കെതിരായ വിലക്ക് പ്രഖ്യാപനവും പിന്നീടുള്ള പിന്‍വലിക്കലെന്നും അദ്ദേഹം കുറിച്ചു.

ആര്‍എസ്എസിനെ വിമര്‍ശിച്ചതാണ് നിരോധനത്തിന് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയ ഒരു കാരണമെന്നും അദ്ദേഹം തുറന്നടിച്ചു.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാരോപിച്ചാണ് എഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്.

വെള്ളിയാഴ്ച രാത്രി 7.30 ഓടെ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ശനിയാഴ്ച രാവിലെ രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ രംഗത്തുവന്നതിനു പിന്നാലെയാണ് പിന്‍വലിച്ചത്.

മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

” ഭയപ്പെടുത്തുക,കീഴ്പ്പെടുത്തുക,
വംശീയഹത്യകൾ പ്രതിരോധമില്ലാതെ തുടരുക.
അതാണ് RSS രാജ് ”

വംശീയഹത്യ ആളിപ്പടരാതിരിക്കാൻ നിർണ്ണായക പങ്കാണ് ദില്ലിയിലെ മലയാളി സമൂഹം വഹിച്ചത് .
ദില്ലിയിലെ മലയാളി മാധ്യമപ്രവർത്തകരിൽ പലരും ജനാധിപത്യത്തിൽ പ്രതിപക്ഷം വഹിക്കേണ്ട റോളാണ് മാതൃകാപരമായി നിർവ്വഹിച്ചത് .

വംശീയഹത്യ ആളിപ്പടരാതിരിക്കുവാൻ പ്രധാന കാരണങ്ങളിൽ ഒന്ന് ദൃശ്യ, അച്ചടി, സാമൂഹ്യമാധ്യമങ്ങളിലൂടെ നടന്ന വസ്തുതകൾ തുറന്നുകാട്ടിയതിലൂടെയുള്ള ചെറുത്തുനിൽപ്പാണ്.അതു തന്നെയാണ് ഭയപ്പെടുത്തി മാധ്യമങ്ങളെയാകെ കീഴ്പ്പെടുത്തുക എന്നതിന്റെ ഭാഗമായുള്ള ഏഷ്യാനെറ്റ്, മീഡിയവൺ എന്നിവക്കുള്ള വിലക്ക് പ്രഖ്യാപനവും പിന്നീടുള്ള പിൻവലിക്കലും.

ആർഎസ്എസിനെ വിമർശിച്ചതാണ് നിരോധനത്തിന് കേന്ദ്ര സർക്കാർ കണ്ടെത്തിയ ഒരു കാരണം.
വർഗീയ കലാപങ്ങളിലും വംശീയഹത്യകളിലും ആർഎസ്എസിന്റെ പങ്ക് ചൂണ്ടിക്കാട്ടിയ നിരവധി അന്വേഷണ കമ്മീഷനുകളുണ്ട്. ആർഎസ്എസ് ഇത്തരം കലാപങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് ഒരു പുതിയ വിവരമല്ല,ചരിത്രത്തിൽ നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ട്.

ഭാവിയിൽ ഭരണകൂടം സ്‌പോൺസേർഡ് വംശീയഹത്യകൾ തടയിടുവാൻ തയ്യാറായി വരുന്ന മാധ്യമപ്രവർത്തകരെ,അവരുടെ സ്ഥാപനങ്ങൾ ചങ്ങലക്കിടുമെന്ന് ഉറപ്പ് വരുത്തലിന്റെ ‘ടോക്കൺ ‘ നൽകലാണ് ഈ നിരോധനം.
-പി എ മുഹമ്മദ് റിയാസ്-

Top