പൗരത്വ പ്രക്ഷോഭം താഴെത്തട്ടിലേക്ക് സംഘടിപ്പിക്കും:കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: തീവ്രവാദത്തിനും മത ധ്രുവീകരണത്തിനും എതിരെ തുടർ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് സിപിഎം. കക്ഷി രാഷ്ട്രീയത്തിന് അപ്പുറം വിശാല കാഴ്ചപ്പാടുള്ള എല്ലാവരെയും സഹകരിപ്പിച്ച് താഴെ തട്ടിൽ വരെ പ്രതിഷേധ പരിപാടികളെത്തിക്കാൻ ഇടത് മുന്നണി മുൻകയ്യെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടതുപക്ഷം സംഘടിപ്പിച്ച മനുഷ്യമഹാശൃഖല വലിയ വിജയകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം മാത്രമല്ല ഇടതുപക്ഷത്തിന് പുറത്ത് നിന്നുള്ളവരും കേന്ദ്രസർക്കാരിനെതിരെയുള്ള സമരത്തിൽ അണിചേർന്നിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ബജറ്റിലെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ ഫെബ്രുവരി 18 ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ പാർട്ടി തീരുമാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

മാർച്ച് 23 ന് ദേശീയ തലത്തിൽ ചൂഷണരഹിതവും എല്ലാവരേയും ഉൾക്കൊള്ളുന്ന ഇന്ത്യ എന്ന മുദ്രാവാക്യവുമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. കേരളത്തിൽ ഇടത് മുന്നണിയുടെ നേതൃത്വത്തിൽ വിപുലമായ പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കും. മാർച്ച് 15 വരെ വാർഡ് തലത്തിൽ ഭരണഘടനാ സംരക്ഷണ സദസ്സും ഗൃഹസന്ദർശന പരിപാടിയും സംഘടപ്പിക്കാനും തീരുമാനം ആയിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു.

കേരളത്തിൽ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ ഹിന്ദുത്വധ്രുവീകരണത്തിന് ശ്രമം നടക്കുകയാണെന്നും ബജറ്റിലെ ക്ഷേമപദ്ധതി നിർദേശങ്ങൾ നടപ്പാക്കുന്നതിൽ സിപിഎം പങ്കാളിയാകും. വിശപ്പുരഹിതകേരളം പദ്ധതി ഏറ്റെടുക്കും. ഓണത്തിനുമുൻപ് 1000 ഹോട്ടലുകൾ തുറക്കും. വയോക്ലബുകൾ തുടങ്ങാനും ശുചിത്വപരിപാടിയിലും ഇടപെടും. ഒരുകോടി വൃക്ഷത്തൈകൾ നടുമെന്ന പ്രഖ്യാപനം വിജയിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു. മാത്രമല്ല അലനും താഹയും സിപിഎമ്മുകാരല്ലെന്നും അവർ മാവോയിസ്റ്റുകൾ തന്നെയാണെന്നും അവരെ സംഘടനയിൽ നിന്ന് പുറത്താക്കിയതായും വാർത്തസമ്മേളനത്തിൽ കോടിയേരി വ്യക്തമാക്കി.

Top