സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം വേണം: മുല്ലപ്പള്ളി

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും, പോലീസിലെ ആയുധങ്ങള്‍ കാണാതായ സംഭവത്തിലുമാണ് സിബിഐ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഎജി റിപ്പോര്‍ട്ടില്‍ ഡിജിപിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അതീവ ഗൗരവതരമാണെന്നും അഴിമതി മൂടിവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

സിറ്റിംഗ് ജഡ്ജി അന്വേഷിക്കേണ്ട സംഭവമാണിതെന്നും എന്നാല്‍ ജുഡീഷല്‍ അന്വേഷണത്തിന് കാലതാമസമെടുക്കുമെന്നതിനാല്‍ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരത്വ നിയമത്തിനെതിരായ മഹല്ല് കമ്മിറ്റി പ്രതിഷേധങ്ങളില്‍ തീവ്രവാദ സംഘടനകള്‍ നുഴഞ്ഞുകയറിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നരേന്ദ്ര മോദിയെ സഹായിക്കാനാണ്. ഹിന്ദു വോട്ടുകള്‍ ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രി വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ അദ്ദേഹത്തിന് ബിജെപിയുമായുള്ള ബന്ധം വ്യക്തമായിരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒഴികെ സംസ്ഥാനത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി എന്നീ സംഘടനകളുമായി രഹസ്യബന്ധം പുലര്‍ത്തിയിരുന്നയാളാണ് മുഖ്യമന്ത്രിയെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വത്തിനെതിരേ വിമര്‍ശനം ഉയര്‍ന്നുവെന്ന വാര്‍ത്തകളും മുല്ലപ്പള്ളി നിഷേധിച്ചു. നേതാക്കളാരും ഒരു വിമര്‍ശനവും ഉയര്‍ത്തിയില്ല. കൂടുതല്‍ ജാഗ്രതയോടെ സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരേ സമരമുഖത്തിറങ്ങുമെന്നും വരും നാളുകളില്‍ കേരളം സമര പരമ്പരകള്‍ക്ക് സാക്ഷ്യം വഹിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Top