ഗാനഗന്ധര്‍വന് ആദരവ്; ഡിജിറ്റല്‍ ലൈബ്രറി ഒരുങ്ങുന്നു

തിരുവനന്തപുരം: ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിന് ആദരമായി ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുന്നതിന് 75 ലക്ഷം രൂപ വകയിരുത്തി ബജറ്റ്. യേശുദാസിന്റെ മുഴുവന്‍ പാട്ടുകളും അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങളും അടങ്ങിയതാവും ഡിജിറ്റല്‍ ലൈബ്രറി.

യേശുദാസ് സംഗീത കോളജ് വിദ്യാര്‍ത്ഥിയായിരിക്കെ താമസിച്ചിരുന്ന ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ വസതിയിലെ കാര്‍ ഷെഡ് ആണ് ലൈബ്രറി ആക്കി മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനാണ് അവിടെ പ്രവര്‍ത്തിക്കുന്നത്.

യേശുദാസ് കോളേജില്‍ പഠിക്കുന്ന കാലഘട്ടത്തില്‍ ഹോസ്റ്റലിലെ താമസത്തിനും ഭക്ഷണത്തിനും ഫീസിനുമൊക്കെയായി പ്രയാസപ്പെട്ടിരുന്ന കാലത്ത് ഗുരുവും പ്രിന്‍സിപ്പലുമായിരുന്ന ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ വസതിയിലെ കാര്‍ ഷെഡിലായിരുന്നു അദ്ദേഹം അന്തിയുറങ്ങിയിരുന്നത്. ഈ ഓര്‍മ്മകള്‍ നിലനിര്‍ത്തിയാണ് ലൈബ്രറി നിര്‍മ്മിക്കുന്നത്.

ഡിജിറ്റല്‍ ലൈബ്രറിയില്‍ യേശുദാസിന്റെ ക്ലാസിക്കല്‍, ലളിത, സിനിമാ ഗാനങ്ങള്‍ തരംതിരിച്ച് വെയ്ക്കും. ഒപ്പം ഫോട്ടോ ലൈബ്രറിയും ജീവിതരേഖയും പ്രദര്‍ശിപ്പിക്കും. ഈ സാമ്പത്തികവര്‍ഷം തന്നെ ഡിജിറ്റല്‍ ലൈബ്രറി തുറക്കാനാകുമെന്നാണ് പ്രതീക്ഷ.

Top