ബെഹ്റയ്ക്കെതിരായ സിഎജി റിപ്പോര്‍ട്ട് എന്‍ഐഎ അന്വേഷിക്കണം: ചെന്നിത്തല

തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരായ സിഎജി റിപ്പോര്‍ട്ടില്‍ എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ആയുധങ്ങള്‍ കാണാതായ സംഭവം അതീവ ഗൗരവമുള്ളതാണെന്നും രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണെന്നും അതിനാല്‍ ഇക്കാര്യത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു. കാണാതായത് ഒരു മിനിറ്റില്‍ ആയിരം പേരെ കൊല്ലാന്‍ ശേഷിയുള്ള തോക്കുകളാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ഉണ്ടാകാത്ത ഗുരുതര സുരക്ഷാ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ഒപ്പം പോലീസുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്ന മറ്റ് കണ്ടെത്തലുകളിന്മേല്‍ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ബെഹ്‌റയെ തല്‍സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തി വേണം ഇക്കാര്യത്തിലെ അന്വേഷണങ്ങള്‍ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ധനമന്ത്രി ടി.എം. തോമസ് ഐസക് ബുധനാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വച്ച 2019-ലെ ജനറല്‍ സോഷ്യല്‍ വിഭാഗങ്ങള്‍ സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ടിലാണ് സംസ്ഥാന പോലീസ് മേധാവിക്കെതിരെ ഗുരുതരമായ പരമാര്‍ശങ്ങള്‍ ഉള്ളത്. 2016-17 കാലത്താണ് സംസ്ഥാനത്ത് വി.വി.ഐ.പി. സുരക്ഷയ്ക്കായും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവര്‍ക്കുമായി രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ 1.26 കോടി രൂപ അനുവദിച്ചത്.

2017 ജനുവരിയില്‍ ഇതുമായി ബന്ധപ്പെട്ട ഭരണാനുമതി നല്‍കി. ബന്ധപ്പെട്ട സ്‌റ്റോര്‍ പര്‍ച്ചേസ് മാനുവലിലെ വകുപ്പുകളും ഒപ്പം തന്നെ ഓപ്പണ്‍ ടെണ്ടര്‍ വ്യവസ്ഥയും പാലിച്ചുവേണം വാഹനങ്ങള്‍ വാങ്ങാന്‍ എന്ന വ്യവസ്ഥയിലാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ ഓപ്പണ്‍ ടെണ്ടര്‍ എന്ന വ്യവസ്ഥ പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തയ്യാറായില്ല എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Top