സുരക്ഷാ സെമിനാര്‍; ബെഹ്‌റയ്ക്ക് വിദേശ യാത്രയ്ക്ക് അനുമതി

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിദേശ യാത്രയ്ക്ക് അനുമതി. ബ്രിട്ടണിലേക്ക് സുരക്ഷാ സെമിനാറില്‍ പങ്കെടുക്കാന്‍ പോകാനാണ് ഡിജിപിക്ക് അനുമതി നല്‍കിയിരിക്കുന്നത്.

അടുത്ത മാസം 3,4,5 ദിവസങ്ങളിലാണ് യാത്ര. അതിനായി യാത്രാ ചെലവ് ഖജനാവില്‍ നിന്നാണ് എടുക്കുന്നത്‌.

ധനമന്ത്രി ടി.എം. തോമസ് ഐസക് ബുധനാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വച്ച 2019-ലെ ജനറല്‍ സോഷ്യല്‍ വിഭാഗങ്ങള്‍ സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ടിലാണ് സംസ്ഥാന പോലീസ് മേധാവിക്കെതിരെ ഗുരുതരമായ പരമാര്‍ശങ്ങള്‍ ഉള്ളത്. 2016-17 കാലത്താണ് സംസ്ഥാനത്ത് വി.വി.ഐ.പി. സുരക്ഷയ്ക്കായും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവര്‍ക്കുമായി രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ 1.26 കോടി രൂപ അനുവദിച്ചത്.

2017 ജനുവരിയില്‍ ഇതുമായി ബന്ധപ്പെട്ട ഭരണാനുമതി നല്‍കി. ബന്ധപ്പെട്ട സ്‌റ്റോര്‍ പര്‍ച്ചേസ് മാനുവലിലെ വകുപ്പുകളും ഒപ്പം തന്നെ ഓപ്പണ്‍ ടെണ്ടര്‍ വ്യവസ്ഥയും പാലിച്ചുവേണം വാഹനങ്ങള്‍ വാങ്ങാന്‍ എന്ന വ്യവസ്ഥയിലാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ ഓപ്പണ്‍ ടെണ്ടര്‍ എന്ന വ്യവസ്ഥ പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തയ്യാറായില്ല എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Top