മീന്‍ പിടിക്കുന്നതിനിടെ കാല്‍വഴുതി വെള്ളത്തില്‍ വീണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

dead-body

തിരുവനന്തപുരം: മീന്‍ പിടിക്കുന്നതിനിടെ കാല്‍വഴുതി വെള്ളത്തില്‍ വീണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കരുമം കരുമംപുര പുത്തന്‍ വീട്ടില്‍ രമേശ് കുമാര്‍സിന്ധു ദമ്പതികളുടെ മകന്‍ അമല്‍കുമാര്‍(15) ആണ് മരിച്ചത്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്.

എസ്എംവി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അമല്‍. ഇന്നലെ വൈകിട്ട് നാലുമണിയോടെ വീടിനു സമീപത്തെ ചതുപ്പില്‍ കൂട്ടുകാരൊടൊപ്പം ചൂണ്ടയിട്ട് മീന്‍ പിടിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ഇവര്‍ നിന്നിരുന്ന തടിയില്‍ നിന്ന് അമല്‍ കാല്‍ വഴുതി ചതുപ്പിലേക്കു വീഴുകയായിരുന്നു. നേരത്തെ മണലെടുത്തതിനെത്തുടര്‍ന്നു രൂപപ്പെട്ട ആഴമുള്ള കുഴിയായിരുന്നു ഇത്.

കൂടെയുണ്ടായിരുന്നവര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും മണല്‍ക്കുഴിയില്‍ അകപ്പെട്ടുപോയിരുന്നു. പിന്നീടു ഫയര്‍ഫോഴ്‌സ് സംഘമെത്തി അമലിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രമേശ് കുമാര്‍ നഗരസഭാ ജീവനക്കാരനാണ്. സഹോദരി: അമല കുമാരി. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

Top