സെന്‍കുമാറിന്റെ ആരോപണങ്ങള്‍ വ്യാജം; കേസ് അവസാനിപ്പിച്ച് പൊലീസ്‌

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസ് പൊലീസ് അവസാനിപ്പിച്ചു. മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ പരാതിയിലെടുത്ത കേസാണ് അവസാനിപ്പിച്ചത്.

സെന്‍കുമാറിന്റെ പരാതിയിലെ ആരോപണങ്ങള്‍ വ്യാജമാണെന്നും, ഗൂഢാലോചന, കൈയ്യേറ്റം ചെയ്യല്‍ എന്നീ ആരോപണങ്ങള്‍ തെറ്റാണെന്നും ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ കന്റോണ്‍മെന്റ് സി ഐ അനില്‍കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ച് സെന്‍കുമാര്‍ അപമാനിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകന്‍ കടവില്‍ റഷീദിനും, ഏഷ്യാനെറ്റ് ന്യൂസ് കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പി ജി സുരേഷ് കുമാറിനുമെതിരെ പൊലീസെടുത്ത കള്ളക്കേസാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 16ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ സുഭാഷ് വാസുവിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ചപ്പോഴാണ് കടവില്‍ റഷീദിനെ സെന്‍കുമാര്‍ അപമാനിച്ചത്. തുടര്‍ന്ന് സെന്‍കുമാറിനൊപ്പമെത്തിയവര്‍ റഷീനെ കയ്യേറ്റം ചെയ്യുകയും ചെയ്തു.

കടവില്‍ റഷീദ് പരാതി നല്‍കിയ ശേഷം നാലു ദിവസം പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് കോടതി നിര്‍ദ്ദേശ പ്രകാരം സെന്‍കുമാറിനെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. പിന്നാലെ എതിര്‍പരാതിയുമായി സെന്‍കുമാറും രംഗത്തെത്തുകയായിരുന്നു. പ്രസ് ക്ലബ്ബ് സംഭവത്തെ അപലപിച്ച് പത്രപ്രവര്‍ത്തകയൂണിയന്റെ വാട്‌സ് അപ് ഗ്രൂപ്പില്‍ പി ജി സുരേഷ് കുമാര്‍ എഴുതിയ അഭിപ്രായം ഗൂഢാലോചനയാണെന്നായിരുന്നു സെന്‍കുമാറിന്റെ വ്യാജ പരാതി.

Top