കാട്ടാക്കട കൊലപാതകം; മണ്ണെടുപ്പ് തടഞ്ഞതിലുള്ള വൈരാഗ്യം, 7 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: യുവാവിനെ ജെസിബി കൊണ്ട് ഇടിച്ചുകൊന്ന കേസില്‍ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായതായി പൊലീസ്. പ്രധാന പ്രതി സജുവടക്കം ഏഴ് പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായി തിരുവനന്തപുരം റൂറല്‍ എസ്.പി.ബി. അശോകന്‍ പറഞ്ഞു.

മണ്ണെടുപ്പ് തടഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഗീതിനെ ആദ്യം ടിപ്പര്‍ കൊണ്ട് ഇടിപ്പിച്ച ശേഷമാണ് ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് തട്ടിമാറ്റിയതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. മണ്ണ് കടത്തുസംഘം വന്ന വാഹനങ്ങള്‍ക്ക് മുമ്പില്‍ സംഗീത് തന്റെ കാര്‍ ബ്ലോക്കാക്കി നിര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് സംഗീതുമായി ഇവര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. സംഗീത് വീടിനകത്തേക്ക് പോയ തക്കത്തിന് സംഘം കാര്‍ തള്ളി മാറ്റി. ഇതോടെ വീണ്ടും തര്‍ക്കം രൂക്ഷമാവുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചെന്ന് അറിഞ്ഞതോടെ പ്രതികള്‍ വാഹനവുമായി കടന്നു കളയാന്‍ ശ്രമിക്കുന്നതിനിടെ സംഗീതിനെ കൊലപ്പെടുത്തുകയായിരുന്നു.

മുന്നില്‍ നിന്ന് സംഗീതിനെ ഇവര്‍ ആദ്യം ടിപ്പര്‍ക്കൊണ്ട് ഇടിപ്പിച്ചു. ശേഷം ജെസിബിയുടെ ബക്കറ്റ്‌ക്കൊണ്ട് കൊണ്ട് സംഗീതിനെ സമീപത്തെ മതിലിലേക്ക് ഇടിപ്പിക്കുകയായിരുന്നു. ഇതുമൂലമുണ്ടായ പരിക്കിനെ തുടര്‍ന്നാണ് സംഗീത് കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന്-നാല് പേരെ കൂടി പിടികൂടാനുണ്ടെന്നും ഇവരെ സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും തിരുവനന്തപുരം റൂറല്‍ എസ്പി അറിയിച്ചു.

Top