കളിയിക്കാവിള കൊലപാതകം: 18 പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കളിയിക്കാവിളയിലെ കൊലപാതകവുമായി ബന്ധപ്പെട്ട് 18 പേര്‍ കസ്റ്റഡിയില്‍. ഇന്നലെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ രണ്ടുപേര്‍ തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശികളാണ്. ഇവര്‍ക്ക് കേസിലെ മുഖ്യപ്രതികളായ തൗഫീക്ക്, അബ്ദുള്‍ ഷമീം എന്നിവരുമായി ബന്ധമുണ്ടെന്നാണ് വിവരം.

കൊലപാതകക്കേസിലെ മുഖ്യപ്രതികളായ തൗഫീഖും (28) ഷമീമും (32) അറസ്റ്റിലാണ്. ഇവരെ ഉഡുപ്പിയിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. പ്രതികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച സംഘത്തില്‍ 17 പേരാണുള്ളതെന്നും ഇതില്‍ മൂന്ന് പേര്‍ക്കാണ് ചാവേര്‍ പരിശീലനം കിട്ടിയതെന്നുമുള്ള വിവരം പുറത്തുവന്നിരുന്നു.

കര്‍ണാടകത്തിലെ ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ചും ബെംഗളൂരു ക്രൈംബ്രാഞ്ചും ചേര്‍ന്ന്‌
തൗഫീക്ക്, അബ്ദുള്‍ ഷമീം എന്നീ മുഖ്യപ്രതികളെ പിടികൂടിയത്.

കൊലപാതകത്തിന്റെ ആസൂത്രണം നടന്നത് ഡല്‍ഹിയും കര്‍ണാടകയും കേന്ദ്രീകരിച്ച്. ഇപ്പോള്‍ അറസ്റ്റിലായ പ്രതി അബ്ദുള്‍ ഷമീം, ഹിന്ദു മുന്നണി നേതാവായിരുന്ന കെ.പി സുരേഷ് കുമാറിനെ 2014-ല്‍ കൊലപ്പെടുത്തിയ കേസിലേയും പ്രതിയാണ്.

കര്‍ണാടകത്തില്‍ പല വേഷങ്ങളിലും പേരുകളിലുമാണ് ഈ പ്രതികള്‍ കഴിഞ്ഞിരുന്നത്. പലയിടത്തായി താമസിച്ചിരുന്ന ഇവര്‍ ആവശ്യങ്ങളനുസരിച്ച് പദ്ധതിയിട്ടാണ് ഒരുമിച്ച് യോഗം ചേരുന്നതും തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യുന്നതും. അല്‍-ഉമ്മയുടെ തീവ്രവാദ ആശയങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. കൂടുതല്‍ പേരെ അങ്ങനെ സംഘത്തിലെത്തിക്കാനും ഇവര്‍ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

Top