എ.എസ്.ഐയുടെ കൊലപാതകം; മുഖ്യപ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകക്കേസിലെ മുഖ്യ പ്രതികളെ പിടികൂടി. തൗഫീക്ക്, അബ്ദുള്‍ ഷെമീം എന്നിവരാണ് പിടിയിലായത്. കര്‍ണ്ണാടകത്തിലെ ഉടുപ്പിയില്‍ നിന്ന് തമിഴ്‌നാട് ക്യു ബ്രാഞ്ചാണ് ഇവരെ പിടികൂടിയത്.

പ്രതികള്‍ ആക്രമണത്തിന് മുന്‍പുള്ള ഏഴ് മണിക്കൂര്‍ ചെലവഴിച്ചത് നെയ്യാറ്റിന്‍കരയിലാണെന്നു തെളിഞ്ഞിട്ടുണ്ട്‍. ഈ മണിക്കൂറില്‍ ഇവര്‍ എന്ത് ചെയ്തൂവെന്ന് വ്യക്തതയില്ലാത്തതിനാല്‍ നിര്‍ണായകമായ ഈ സമയത്തെ മുഴുവന്‍ ഫോണ്‍ വിളികളും പൊലീസ് പരിശോധിക്കുകയാണ്‌. തീവ്രസംഘടനയുടെ ആസൂത്രിത ആക്രമണമാണ് വെടിവയ്പ്പെന്നും പൊലീസ് സ്ഥിരീകരിച്ചു.

മുഖ്യപ്രതികള്‍ക്ക് തോക്ക് എത്തിച്ച് നല്‍കിയ ഇജാസ് പാക്ഷയെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന് പ്രതികളിലേക്ക് എത്താനായത്.ക്യൂ ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ക്ക് തോക്ക് കൈമാറിയത് ഇജാസ് പാഷയാണെന്ന് വ്യക്തമായത്. മുംബൈയില്‍നിന്നെത്തിച്ച തോക്ക് ബെംഗലൂരുവില്‍ വെച്ച് പ്രതികളില്‍ ഒരാളായ തൗഫീഖിന് കൈമാറുകയായിരുന്നു എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

തീവ്രവാദ സംഘടനയായ അല്‍ ഉമ്മയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചു പേരായ ഇജാസ് പാഷ, അനീസ്,സഹീദ്, ഇമ്രാൻ ഖാൻ,സലിം ഖാൻ എന്നിവരെയാണ് ഇന്നലെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‍തത്.ഇവരില്‍ ഒരാളാണ് ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ഇജാസ് പാഷ.

Top