കുട്ടികളുടെ ബസ് ടിക്കറ്റ്; സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: ബസില്‍ കുട്ടികള്‍ക്ക് ടിക്കറ്റ് എടുക്കേണ്ടത് എത്രയെന്ന് ഇപ്പോഴും മാതാപിതാക്കള്‍ക്ക് അറിവില്ല. എന്നാല്‍ ടിക്കറ്റ് വിവരം മാതാപിതാക്കളെ അറിയിക്കുന്നതിന് വേണ്ടി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി.

കെ.എസ്.ആര്‍.ടി.സിയില്‍ കുട്ടികള്‍ക്ക് ഹാഫ് ടിക്കറ്റ് എടുക്കേണ്ട പ്രായപരിധി അഞ്ച് വയസ് തികയുന്ന ദിവസം മുതല്‍ 12 വയസ് തികയുന്ന ദിവസം വരെയാണെന്നും അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ ഹാഫ് ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ലെന്നും അത് തികച്ചും സൗജന്യമാണെന്നും പോസ്റ്റിലൂടെ ഉറപ്പുതരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയ യാത്രക്കാരെ,
കുട്ടികള്‍ക്ക് ബസില്‍ ഹാഫ് ടിക്കറ്റ് എടുക്കുന്ന പ്രായം പലപ്പോഴും ബസ്സിനുള്ളില്‍ തര്‍ക്കമുണ്ടാക്കുന്ന ഒരു വിഷയമാണല്ലോ…
കെഎസ്ആര്‍ടിസിയില്‍ കുട്ടികള്‍ക്ക് ഹാഫ് ടിക്കറ്റ് എടുക്കേണ്ട പ്രായപരിധി 5 വയസ്സ് തികയുന്ന ദിനം മുതല്‍ 12 വയസ്സ് തികയുന്ന ദിനം വരെയാണ്.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ ഹാഫ് ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല… അത് തികച്ചും സൗജന്യമാണ്…
എന്നാല്‍ 12 വയസ്സ് കഴിഞ്ഞ കുട്ടികള്‍ക്ക് ഫുള്‍ ടിക്കറ്റ് ആണ് എടുക്കേണ്ടത്…
ഏതെങ്കിലും കാരണവശാല്‍ കുട്ടികളുടെ വയസ്സ് സംബന്ധമായി എന്തെങ്കിലും സംശയം കണ്ടക്ടര്‍ ഉന്നയിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ കണ്ടക്ടറെ കാണിച്ച് ബോധ്യപ്പെടുത്താവുന്നതാണ്…
ടിക്കറ്റ് എടുക്കാതെയുള്ള കെ.എസ്.ആര്‍.ടി.സി ബസുകളിലെ യാത്ര ശിക്ഷാര്‍ഹമായ കുറ്റമാണ്…
സുഖകരമായ യാത്ര ആസ്വദിക്കുന്നതിനായി എല്ലാ പ്രിയ യാത്രക്കാരും ടിക്കറ്റ് കൃത്യസമയത്ത് കരസ്ഥമാക്കി എന്നുറപ്പ് വരുത്തേണ്ടതാണ്…
കെ.എസ്.ആര്‍.ടി.സി എന്നും ജനങ്ങള്‍ക്കൊപ്പം…

Top