പമ്പിങ് നവീകരണം പൂര്‍ത്തിയായി; കുടിവെള്ള വിതരണം പൂര്‍വ്വസ്ഥിതിയിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ മുടങ്ങി കിടന്ന കുടിവെള്ളവിതരണം പൂര്‍വ്വസ്ഥിതിയിലേക്കെത്തി. അരുവിക്കര ജലവിതരണ ശുദ്ധീകരണ ശാലയിലെ, കുടിവെള്ളം പമ്പ ചെയ്യുന്ന പമ്പിന്റെ നവീകരണവുമായി ബന്ധപ്പെട്ടാണ് കുടിവെള്ള വിതരണം മുടങ്ങിയത്. ആയതിനാല്‍ ഇപ്പോള്‍ പ്ലാന്റിന്റെ ആദ്യ ഘട്ട നവീകരണം പൂര്‍ത്തിയായതായും ജനുവരി നാലിന് രണ്ടാം ഘട്ട നവീകരണം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പ്രതീക്ഷിച്ചതിലും ഒരു മണിക്കൂര്‍ നേരെത്തെയാണ് രണ്ട് പ്ലാന്റുകളിലെയും ജോലികള്‍ തീര്‍ത്ത് പമ്പിംഗ് തുടങ്ങിയത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തി തുടങ്ങി. ഇന്ന് രാത്രിയോടെ കൂടുതല്‍ സ്ഥലങ്ങളില്‍ വെള്ളമെത്തുമെന്നും നാളെ രാത്രിയോടെ കുടിവെള്ളവിതരണം പൂര്‍വ്വ സ്ഥിതിയിലാകുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

കോര്‍പ്പറേഷന്‍ പരിധിയിലെ 57 വാര്‍ഡുകളിലാണ് ജലവിതരണം മുടങ്ങിയത്. ഓരോ വാര്‍ഡിലും മൂന്ന് വീതം ടാങ്കറുകള്‍ വഴി കുടിവെള്ളമെത്തിച്ചും കണ്‍ട്രോള്‍ റൂം ഒരുക്കിയുമാണ് നഗരസഭയും വാട്ടര്‍ അതോറിറ്റിയും പ്രതിസന്ധി മറികടന്നത്.

രണ്ടാം ഘട്ട നവീകരണം നടക്കുന്ന ജനുവരി നാലിന് പതിനാറ് മണിക്കൂര്‍ നേരത്തേക്കാണ് പ്ലാന്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുക. ജനുവരി പതിനൊന്നിന് മൂന്നാം ഘട്ടവും ഫെബ്രുവരി രണ്ടിന് നാലാം ഘട്ടവും പൂര്‍ത്തിയാക്കുമെന്ന് വാട്ടര്‍ അതോററ്റിയിലെ ചീഫ് എഞ്ചിനീയര്‍ ശ്രീകുമാര്‍ പറഞ്ഞു.

Top