കേരളത്തില്‍ വീണ്ടും കൊറോണ; 5 പത്തനംതിട്ട സ്വദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചു. 5 പത്തനംതിട്ട സ്വദേശികള്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയതാണ് ഇവരില്‍ മൂന്ന് പേര്‍ ബാക്കി രണ്ട് പേര്‍ ഇവരുടെ ബന്ധുക്കളാണ്.

ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് വാര്‍ത്താസമ്മേളനത്തിലൂടെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവരിപ്പോള്‍. ഇന്ന് പുലര്‍ച്ചയോടെയാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട്‌ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചതെന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് 55 കാരനും ഭാര്യയും 22-കാരനായ മകനും ഇറ്റലിയില്‍ നിന്നെത്തിയത്. ഇയാളുടെ മൂത്ത സഹോദരന് പനി വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് കൊറോണബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്ന്ന് ആരോഗ്യ വകുപ്പ് ഇവരുടെ ശരീര സ്രവങ്ങള്‍ പരിശോധനക്കയക്കുകയായിരുന്നു. ഇവരുമായി ബന്ധപ്പെട്ടവര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.

നേരത്തെ മൂന്ന് പേര്ക്ക് കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു. രോഗമുക്തി നേടിയ ശേഷം ഇവരെ വിട്ടയക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകളനുസരിച്ച് കേരളത്തിലാകമാനം 637 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്.

ഇന്ത്യയില്‍ ഇതുവരെ 34 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കേസുകള്‍ കൂടി ആകുമ്പോള്‍ ഇത് 39 ആയി ഉയരും.

Top