തലശ്ശേരി-കുടക് അന്തര്‍സംസ്ഥാന പാത അടച്ച സംഭവം; മോദിക്ക് കത്തയച്ച് പിണറായി

തിരുവനന്തപുരം: കൊറോണ വൈറസ് ആഗോളവ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തലശ്ശേരി-കുടക് അന്തര്‍സംസ്ഥാന പാത കര്‍ണാടക സര്‍ക്കാര്‍ മണ്ണിട്ട് അടച്ച സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

പാത അടച്ചത് നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി കത്തില്‍ ആരോപിച്ചു. മാത്രമല്ല കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാനപ്പെട്ട പാതയാണിതെന്നും അവശ്യസാധനങ്ങളുടെ ചരക്കുനീക്കം സ്തംഭിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി തന്നെ നേരത്തെ ഉറപ്പുനല്‍കിയ കാര്യമാണിതെന്നും അതുകൊണ്ട് അടിയന്തിരമായി ഈ കാര്യത്തില്‍ ഇടപെടുകയും ചരക്കുനീക്കത്തിനുള്ള സാഹചര്യം ഉണ്ടാക്കുകയും ചെയ്യണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

റോഡ് അടച്ചതോടെ കേരളത്തിലേക്ക് പച്ചക്കറിയുമായി വരുന്ന നിരവധി ലോറികളാണ് മാക്കൂട്ടം ചുരത്തില്‍ കുടുങ്ങിക്കിടക്കുന്നത്. തങ്ങള്‍ ഭക്ഷണം പോലും ലഭിക്കാതെ പ്രയാസപ്പെടുകയാണെന്നും പൊലീസോ കര്‍ണാടക അധികൃതരോ അനുകൂല സമീപനം കാട്ടുന്നില്ലെന്നും ലോറി ഡ്രൈവര്‍മാര്‍ പറയുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് വാഹനങ്ങളെത്തുന്നത് തടയുന്നതിനായാണ് കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തിറോഡുകള്‍ മണ്ണിട്ട് അടച്ചത്.

Top