തിരുവനന്തപുരത്തും പ്രതിഷേധം ശക്തം; ഇന്ന് ജി.പി.ഒലേക്ക് മാധ്യമപ്രവര്‍ത്തകരുടെ മാര്‍ച്ച്‌

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോള്‍ തലസ്ഥാനത്ത് ഇന്നും പ്രതിഷേധം. മാധ്യമപ്രവര്‍ത്തകരുടെ മാര്‍ച്ച് ഇന്ന് ജി.പി.ഒലേക്ക് നടക്കും.

മാത്രമല്ല കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധ പരിപാടികളും ഉണ്ടാകും. ഉച്ചയോടെ പാളയം പള്ളിയില്‍ നിന്ന് വലിയ പ്രതിഷേധ മാര്‍ച്ച് നടക്കും.

ഇന്നലെ വിവിധ സംഘടനകളും സാംസ്‌കാരിക പ്രവര്‍ത്തകരും രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇന്നും പ്രതിഷേധം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം.

രാജ്യ തലസ്ഥാനത്തെ പ്രക്ഷോഭങ്ങളുടെ ഭാഗമായി സംസ്ഥാന രാജ്ഭവനുമുന്നില്‍ പ്രതിഷേധം കനക്കുകയായിരുന്നു. സീതാറാം യച്ചൂരിയും ഡി.രാജയും അറസ്റ്റിലായതോടെ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐ പ്രവര്‍ത്തകരും മാര്‍ച്ചുമായെത്തുകയും ഒടുവില്‍ പൊലീസുമായി സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു.

തുടര്‍ന്ന് കെ.എസ്.യു, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ , എ.ഐ.വൈ.എഫ് തുടങ്ങിയ സംഘടനകളും തലസ്ഥാനത്തെ സാംസ്‌കാരിക പ്രവര്‍ത്തകരും എത്തി പ്രതിഷേധത്തിന് ആക്കം കൂട്ടി.

Top