എസ്.എഫ്.ഐക്കിട്ട് വച്ചത് തിരിച്ചടിച്ചു, തകർന്നത് മാധ്യമങ്ങളുടെ വിശ്വാസ്യത

വിടാത്ത റോക്കറ്റ് വിട്ടെന്ന് പറഞ്ഞ് വെണ്ടക്ക നിരത്തിയവര്‍ അങ്ങനെ പലതും ചെയ്യും. അതില്‍ ഒരു അത്ഭുതവുമില്ല. അക്കൂട്ടര്‍ക്ക് യുവജനോത്സവ ഫോം ഉത്തരക്കടലാസ് ആകുക സ്വാഭാവികമാണ്. ആടിനെ പട്ടിയാക്കുക, പട്ടിയെ പിന്നെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുക എന്ന മനോഭാവമാണ് ഈ കുത്തക മാധ്യമങ്ങളെ നയിക്കുന്നത്.

യൂണിവേഴ്‌സിറ്റി കോളജ് എന്ന ആയുധം ഉപയോഗിച്ച് എസ്.എഫ്.ഐ എന്ന സംഘടനയെ തീര്‍ത്ത് കളയാം എന്നതാണ് ഇവരുടെ ഇപ്പോഴത്തെ പ്രധാന അജണ്ട. അതിനായിപ്പോള്‍ ദിവസവും നിറം പിടിപ്പിച്ച കഥകളാണ് പുറത്ത് വിട്ടുകൊണ്ടിരിക്കുന്നത്. കൊടുക്കുന്ന വാര്‍ത്തകള്‍ കള്ളമാണ് എന്ന വാദം പോലും മുഖവിലക്കെടുക്കാതെയാണ് ഈ കടന്നാക്രമണം.

ശവദാഹം നടത്തി ആറടി മണ്ണില്‍ ഇപ്പോള്‍ തന്നെ എസ്.എഫ്.ഐയെ കുഴിച്ച് മൂടി കളയാം എന്ന ആവേശത്തിലാണ് ഈ പരാക്രമം. ഈ ആവേശ തള്ളിച്ചയിലാണ് യുവജനോത്സവ ഫോം പോലും ഉത്തരക്കടലാസ് ആയി മാറിയിരിക്കുന്നത്. കോപ്പിയടിച്ച് വിജയിക്കുന്നവരാണ് എസ്.എഫ്.ഐ നേതാക്കളെന്ന സന്ദേശം സമൂഹത്തിന് നല്‍കാനാണ് ഇവര്‍ ശ്രമിച്ചത്. സുസ്ഥിരമായി നടക്കുന്ന പരീക്ഷാ സംവിധാനത്തെ കുത്തഴിഞ്ഞ രംഗമാക്കി ചിത്രീകരിക്കാനും ബോധപൂര്‍വം ശ്രമിക്കുകയാണ്.

യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന്‍ റൂമില്‍ നിന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തെന്ന വാര്‍ത്തയിലാണ് ആര്‍ട്സ് ഫെസ്റ്റിന്റെ രജിസ്ട്രേഷന്‍ ഫോം ഉത്തരക്കടലാസ് എന്ന നിലയില്‍ മാതൃഭൂമി നല്‍കിയിരിക്കുന്നത്. ‘ഉത്തരമില്ലാതെ ക്രമക്കേട്’ എന്ന തലക്കെട്ടില്‍ പ്രധാനവാര്‍ത്തയായിട്ടാണ് ചൊവ്വാഴ്ച ഈ പത്രം പുറത്തിറങ്ങിയത്. ചിത്രത്തില്‍ നല്‍കിയിരിക്കുന്ന ഷീറ്റില്‍ പേര് എഴുതാനുള്ള സ്ഥലവും പങ്കെടുക്കുന്ന ഇനം എഴുതാനുള്ള ഇടവുമെല്ലാം വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. ഒറ്റയ്ക്കാണോ ഗ്രൂപ്പായിട്ടാണോ പങ്കെടുക്കുന്നതെന്നും ഷീറ്റില്‍ ചോദിക്കുന്നുമുണ്ട്. വാര്‍ത്തയില്‍ നല്‍കിയിട്ടുള്ള ഷീറ്റില്‍ ലൈറ്റ് മ്യൂസികിന് പങ്കെടുത്ത ഒരു കുട്ടിയുടെ രജിസ്ട്രേഷന്‍ ഫോമാണ് ഉത്തരക്കടലാസായി മാതൃഭൂമി മാറ്റിയിരിക്കുന്നത്.

എസ്.എഫ്.ഐക്കെതിരായ ഇത്തരം കള്ളക്കഥകള്‍ക്ക് അല്‍പ്പായുസ്സ് മാത്രമേ ഇപ്പോഴുള്ളൂ. യുവജനോത്സവ ഫോം വാര്‍ത്ത ലീഡ് വാര്‍ത്തയായി വന്നതോടെ ഇക്കാര്യത്തില്‍ എന്തായാലും തീരുമാനമായിട്ടുണ്ട്. മാധ്യമങ്ങളിലൂടെ ചന്ദ്രയാന്‍- 2 പോയ പോക്ക് കണ്ട് അന്തം വിട്ട ജനങ്ങളെ വീണ്ടും അമ്പരിപ്പിച്ചാണ് ഉത്തരക്കടലാസ് വാര്‍ത്തയും പ്രധാന വാര്‍ത്തയായി ഇടം പിടിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ മിഴി തുറന്നിരിക്കുന്ന പുതിയ കാലത്ത് ഈ കള്ളക്കഥ നിമിഷ നേരം കൊണ്ടാണ് പൊളിച്ചടുക്കിയത്. മഹത്തായ പാരമ്പര്യം അവകാശപ്പെടുന്ന മാധ്യമത്തിന്റെ വിശ്വാസ്യതയെ തന്നെയാണ് ഈ കള്ളവാര്‍ത്ത ബാധിച്ചിരിക്കുന്നത്.

ഒരു വാര്‍ത്ത, റിപ്പോര്‍ട്ടര്‍ നല്‍കുമ്പോള്‍ അത് ബ്യൂറോ ചീഫും ഡസ്‌ക്കിലെ ചുമതലപ്പെട്ടവരും എല്ലാം പരിശോധിച്ച് മാത്രമേ പ്രസിദ്ധീകരണ അനുമതി നല്‍കാറുള്ളൂ. അതായത് ഒരാള്‍ക്ക് മാത്രം പറ്റിയ പിഴവ് എന്ന് പറഞ്ഞ് തല ഊരാനും കഴിയുകയില്ല. ഒരു അജണ്ട തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് വ്യക്തം. അത് എസ്.എഫ്.ഐ വിരുദ്ധ അജണ്ട മാത്രമാണ്. കത്തിക്കുത്ത് മുന്‍നിര്‍ത്തി ഭീകര സംഘടനയാക്കാന്‍ ശ്രമിച്ചവര്‍ കോപ്പിയടി ആരോപിച്ച് എസ്.എഫ്.ഐക്കാരെ കഴിവ് കെട്ടവരായി ചിത്രീകരിക്കാനാണിപ്പോള്‍ ശ്രമിക്കുന്നത്.

വിവിധ മേഖലകളില്‍ വലിയ നേട്ടം കൊയ്ത നിരവധി പേരെ സംഭാവന ചെയ്ത സംഘടനയോട് ചെയ്യുന്ന വഞ്ചനയാണിത്. പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐക്കാരായി പിന്നീട് ഐ.എ.എസും ഐ.പി.എസും വരെ നേടിയ എത്രയോപേര്‍ ഈ കേരളത്തിലടക്കമുണ്ട്. എന്തിനേറെ കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ ആയിരത്തി ഇരുന്നൂറില്‍ ആയിരത്തി ഇരുന്നൂറും മാര്‍ക്ക് നേടിയ പാര്‍വ്വതി ഉണ്ണി തന്നെ എസ്.എഫ്.ഐ നേതാവാണ്. ഇതുപോലെ നിരവധി എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് പ്ലസ്ടു പരീക്ഷയിലടക്കം ഉന്നത വിജയം നേടിയിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം മറച്ചു വച്ചാണ് ഏകപക്ഷീയമായ കടന്നാക്രമണം നടത്തുന്നത്.

നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനമല്ല, കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമ പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. ഇത് ശരിയായ നടപടിയല്ല, അതുകൊണ്ടു തന്നെ അംഗീകരിക്കാനും കഴിയില്ല. എസ്.എഫ്.ഐയെ തകര്‍ത്താല്‍ അതുവഴി ചുവപ്പ് രാഷ്ട്രീയത്തെ തന്നെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ഒരു വിഭാഗത്തിന്റെ ധാരണ. ഡി.വൈ.എഫ്.ഐ എന്ന യുവജന സംഘടനയ്ക്ക് കേഡര്‍മാരെ സംഭാവന ചെയ്യുന്ന എസ്.എഫ്.ഐ തകര്‍ന്നാല്‍ സി.പി.എമ്മിന്റെ രാഷ്ട്രീയത്തെ തന്നെ ഇല്ലാതാക്കന്‍ കഴിയുമെന്ന വ്യാമോഹമാണത്. മാധ്യമ തൂലികക്കും ചാനല്‍ മൈക്കുകള്‍ക്കും അതിനുള്ള ശേഷി ഉണ്ടായിരുന്നു എങ്കില്‍ എന്നേ കാമ്പസുകളില്‍ ചുവപ്പ് സൂര്യന്‍ അസ്തമിക്കുമായിരുന്നു.

പടവെട്ടി വളര്‍ന്നതാണ് കാമ്പസുകളില്‍ എസ്.എഫ്.ഐ. കേരളത്തിലെ കമ്യൂണിസ്റ്റുകളുടെ ചരിത്രവും അതാണ്. ആ പോരാട്ട വീര്യത്തെ ഇല്ലാതാക്കാനുള്ള ശക്തിയൊന്നും ഒരു മാധ്യമത്തിനും ഇല്ല. അക്കാര്യം ഇനിയെങ്കിലും മനസ്സിലാക്കുന്നത് നല്ലതാണ്. കുത്തേറ്റ അഖിലിനെ പോലും കൂടെ നിര്‍ത്താന്‍ നിങ്ങളുടെ ഈ മാധ്യമ വാര്‍ത്തകള്‍ കൊണ്ട് കഴിഞ്ഞിട്ടില്ല. പിന്നെയാണോ പൊതുസമൂഹത്തെ വിശ്വസിപ്പിക്കാന്‍ കഴിയുന്നത്?

ഇവിടെ തെറ്റ് പറ്റിയത് എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികള്‍ക്കാണ്. പക്വമായി അവര്‍ക്ക് ഇടപെടാന്‍ കഴിഞ്ഞില്ല. അത് വലിയ വീഴ്ച തന്നെയാണ്. ആരും തന്നെ അത് അംഗീകരിക്കുന്നുമില്ല. അതിനുള്ള ശിക്ഷ അവര്‍ക്ക് ലഭിച്ചും കഴിഞ്ഞു. ബാക്കി ഇനി കോടതിക്ക് വിട്ടു കൊടുക്കുക. അല്ലാതെ മാധ്യമങ്ങള്‍ വിധി പറഞ്ഞ് ശിക്ഷ വിധിക്കേണ്ടതില്ല. ഈ സംഭവം മുന്‍നിര്‍ത്തി വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജിയും എത്തിക്കഴിഞ്ഞു. രണ്ടാമത്തെ അജണ്ടയാണ് ഇതോടെ വ്യക്തമായിരിക്കുന്നത്.

കാമ്പസുകളില്‍ എസ്.എഫ്.ഐക്കെതിരേ വിദ്യാര്‍ത്ഥി കൂട്ടായ്മ രൂപീകരിക്കാന്‍ എസ്.ഡി.പി.ഐയാണിപ്പോള്‍ മുന്‍കൈ എടുക്കുന്നത്. അഭിമന്യൂ എന്ന വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്ന രാഷ്ട്രീയത്തിന്റെ വക്താക്കളാണിവര്‍. യൂണിവേഴ്‌സിറ്റി കോളെജിലേക്ക് മാര്‍ച്ച് നടത്തി പ്രകോപനം സൃഷ്ടിക്കാനും ഇക്കൂട്ടര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയുണ്ടായി. ഹിഡന്‍ അജണ്ടയുടെ മൂന്നാം പാര്‍ട്ടാണിത്.

നാല് ആളുകളുമായി പ്രതിഷേധം സംഘടിപ്പിക്കുന്നവര്‍ക്ക് പോലും ബ്രേക്കിങ് ന്യൂസ് നല്‍കിയാണ് കുത്തക മാധ്യമങ്ങള്‍ ഇത്തരം നീക്കങ്ങളെ പോത്സാഹിപ്പിക്കുന്നത്. സകല ജാതി- മത സംഘടനകളും ഇപ്പോള്‍ കാമ്പസുകളില്‍ വിദ്വേഷത്തിന്റെ വിത്തുകള്‍ പാകാനാണ് ശ്രമം നടത്തുന്നത്. അപകടകരമായ നീക്കമാണിത്. മാധ്യമ സ്ഥാപനങ്ങളില്‍ മുളച്ച ചില വിത്തുകള്‍ തന്നെയാണ് ഇത്തരം നീക്കങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുന്നത്. ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ വിനാശകാലേ വിപരീത ബുദ്ധി എന്നു മാത്രമേ പറയാനുള്ളൂ.

Express View

Top