സംസ്ഥാനത്ത് ഇന്ന് മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാന്‍ സാധ്യത, ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് കൂടുതലും ചൂട് അനുഭവപ്പെടുക.

ഈ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സൂര്യാതപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനാല്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും ധാരാളമായി വെള്ളം കുടിക്കുകയും വെള്ളം കൈയില്‍ കരുതുകയും വേണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

നിര്‍മാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ട്രാഫിക് പൊലീസുകാര്‍, ഇരുചക്രവാഹന യാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയായതിനാല്‍ ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികള്‍ക്ക് സ്‌കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനും ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Top