കുട്ടികള്‍ വിശന്ന് മണ്ണുതിന്നെന്ന ആരോപണം; വിശദീകരണം തേടി സിപിഎം

തിരുവനന്തപുരം:കൈതമുക്കില്‍ കുട്ടികള്‍ വിശന്ന് മണ്ണുതിന്നെന്ന ആക്ഷേപത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ് പി ദീപകിനോട് സിപിഎം വിശദീകരണം തേടി. വിവാദം സര്‍ക്കാരിനു ചീത്തപ്പേരുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് സിപിഎം നടപടി. അമ്മയ്ക്ക് വേണ്ടി ദീപകിന് കത്തെഴുതിയത് വഞ്ചിയൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണെന്ന് പാര്‍ട്ടി കണ്ടെത്തി.

കുട്ടികള്‍ മണ്ണുതിന്നുന്നത് കണ്ടെന്നായിരുന്നു ദീപക്കിന്റെ വെളിപ്പെടുത്തല്‍.എന്നാല്‍ മണ്ണ് തിന്നിട്ടില്ലെന്ന ബാലാവകാശ കമ്മീഷന്‍ നിലപാടാണ് ശരിയെന്ന് മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞു. നഗരസഭയെ സമ്മര്‍ദ്ദത്തിലാക്കാനായിരുന്നോ ദീപകിന്റെ ശ്രമമെന്ന സംശയം പാര്‍ട്ടിക്കുണ്ട്.

കൈതതമുക്കില്‍ പട്ടിണി മൂലം നാല് കുട്ടികളെ അമ്മ ശിശുക്ഷേമ സമിതിക്ക് കൈമാറിയതിന് പിന്നാലെയുണ്ടായ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയുടെ പരാമര്‍ശം വന്‍വിവാദമാണ് ഉണ്ടാക്കിയത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ ദേശീയമാധ്യമങ്ങളും ഏറ്റുപിടിച്ചതോടെ കേരളത്തിനും എല്‍ഡിഎഫ് സര്‍ക്കാരിനും പാര്‍ട്ടിയ്ക്കും ഏറെ നാണക്കേടുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

പാര്‍ട്ടി ഇടപെട്ടതോടെ ബാലാവകാശ കമ്മീഷന്റെ കണ്ടെത്തലാണ് ശരിയെന്നും ഏറ്റുമുട്ടാനില്ലെന്നും ഇന്നലെ ദീപക് പറഞ്ഞിരുന്നു. എന്നാല്‍, പാര്‍ട്ടി വിശദീകരണത്തോട് ദീപക് പ്രതികരിച്ചിട്ടില്ല.

Top