സദാചാര ഗുണ്ടായിസം; തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയ്ക്ക് ജാമ്യം

തിരുവനന്തപുരം: സഹപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി അതിക്രമം കാട്ടിയെന്ന പരാതിയില്‍ അറസ്റ്റിലായ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണന് ജാമ്യം. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജയകൃഷ്ണനാണ് ജാമ്യം അനുവദിച്ചത്. വനിതാ മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. രാധാകൃഷ്ണനോടൊപ്പം അശ്വിന്‍, അഡ്വ. രാധികാ ദേവി, ഹരി, അനീഷ് എന്നിവര്‍ കൂടി കേസില്‍ പ്രതികളാണ്. ഐപിസി 143, 147, 149, 323, 342, 354, 451 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് രാധാകൃഷ്ണനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ആണ്‍സുഹൃത്ത് വീട്ടിലെത്തിയത് ചോദ്യം ചെയ്ത് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആളുകള്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഗുണ്ടായിസം കാട്ടിയെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. പരാതി അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയെ പ്രസ് ക്ലബ് രൂപീകരിച്ചിട്ടുണ്ട്. ഈ സമിതി റിപ്പോര്‍ട്ട് നല്‍കും വരെ രാധാകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാനും തീരുമാനമായിരുന്നു.

Top