സമ്പൂര്‍ണ്ണ ബജറ്റ്; സിഎജി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പിണറായി

തിരുവനന്തപുരം: നിയമസഭയുടെ സമ്പൂര്‍ണ്ണ ബജറ്റ് അവതരണത്തില്‍ സംസ്ഥാന പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായെന്ന സിഎജി കണ്ടെത്തല്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംഭവത്തില്‍ സമഗ്രമായ പരിശോധന നടത്തിയെന്നും തോക്കുകള്‍ കാണാതായെന്ന കണ്ടെത്തല്‍ വസ്തുതാ വിരുദ്ധമാണ് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല
സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വരും മുമ്പ് വിവരങ്ങള്‍ ചോര്‍ന്നത് നല്ല പ്രവണതയല്ലെന്നും പിണറായി വിജയന്‍ പ്രതികരിച്ചു.

അതേസമയം,പൊലീസ് അഴിമതി സംബന്ധിച്ച സിഎജി കണ്ടെത്തല്‍ ആയുധമാക്കി കടുത്ത പ്രതിഷേധവുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. പ്ലക്കാഡും ബാനറുകളുമായി അവര്‍ തുടക്കം മുതലെ പ്രതിഷേധമുയര്‍ത്തി.

എന്നാല്‍ ഈ കേസില്‍ 2015 ല്‍ തന്നെ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ആ ബോര്‍ഡിന്റെ അലംഭാവമാണ് സിഎജി ചൂണ്ടിക്കാട്ടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്ന് മൂന്നു പേരടങ്ങുന്ന ബോര്‍ഡ് അന്വേഷിച്ചു. തിരകളുടെ എണ്ണത്തില്‍ അന്ന് കുറവില്ലെന്നാണ് കണ്ടെത്തിയത്.സി എ ജി കണ്ടെത്തലിനു മുന്‍പേ തിരകളുടെ എണ്ണത്തില്‍ കുറവ് കണ്ടെത്തി. 2016ലാണ് പിന്നീട് അന്വേഷണം നടത്തിയത് ഗൗരവത്തോടെ സര്‍ക്കാര്‍ കാണുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യാജ വെടിയുണ്ടയുടെ പുറംചട്ട വെച്ചത് യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിട്ടുണ്ട്. മന്ത്രിയുടെ ഗണ്‍മാനെതിരെ അന്വേഷണം നടക്കുന്നുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേസ് സിബിഐയ്ക്ക് വിടണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തില്‍ അന്വേഷണത്തിന് നമ്മുടെ സംവിധാനങ്ങള്‍ ഉണ്ടെന്നും ആ അന്വേഷണം നടക്കട്ടെ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Top