കോവിഡ് പരിചരണത്തിൽ ആരോപണം തള്ളി തിരുവനന്തപുരം മെഡിക്കല്‍ കോളജ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് പരിചരണത്തിനെതിരെയുള്ള ആരോപണം വാസ്തുതാ വിരുദ്ധമെന്ന് ആശുപത്രി അധകൃതർ. കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ അല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നും യുവതിക്ക് ഉണ്ടായിരുന്നില്ലെന്നും യുവതി കിടപ്പ് രോഗിയായിരുന്നില്ലെന്നും ഇരിക്കാനും നടക്കാനും കഴിയുമായിരുന്നുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഡോക്ടർമാരും നഴ്സുമാരും നൽകിയത് മികച്ച പരിചരണമെന്നും ആശുപത്രി സൂപ്രണ്ട് ചൂണ്ടിക്കാട്ടി. പനി കൂടി എഴുന്നേല്‍ക്കാൻ പോലുമാകാത്ത അവസ്ഥയില്‍ മൂത്രത്തില്‍ നനഞ്ഞ് മൂന്ന് ദിവസം കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നായിരുന്നു തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതി.

കഴിഞ്ഞ മാസം 26നാണ് കൊവിഡ് പൊസിറ്റീവായ വട്ടപ്പാറ സ്വദേശി ലക്ഷ്മിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറാം വാര്‍ഡില്‍ പ്രവേശിപ്പിച്ച ലക്ഷ്മിക്ക് കുത്തിവയ്പെടുത്തു. തനിക്ക് ചില മരുന്നുകളോട് അലര്‍ജി ഉണ്ടെന്ന് അറിയിച്ചിട്ടും അലര്‍ജി പരിശോധന പോലും നടത്താതെ കുത്തിവയ്പ് തുടർന്നു എന്നാണ് യുവതി ആരോപിച്ചത്. എന്നാല്‍ ന്യുമോണിയ ഭേദമാകുന്നതിനുള്ള ആന്‍റിബയോട്ടിക്കാണ് നല്‍കിയതെന്നും രോഗി ഗുരുതരവാസ്ഥയിലായിട്ടില്ലെന്നും കൃത്യമായ ചികില്‍സയും പരിചരപണവും നൽകിയെന്നും ആശുപത്രിയിലെ കൊവിഡ് നോഡൽ ഓഫിസര്‍ നേരത്തെ പ്രതികരിച്ചിരുന്നു.

Top