ശമ്പളപ്രതിസന്ധി; തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രിയുടെ ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയെ സംബന്ധിച്ച് തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. എന്നാല്‍ കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് അടുത്ത മാസം 20 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.

സത്യാഗ്രഹ സമരത്തെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നാരോപിച്ചാണ് ടിഡിഎഫ് അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുന്നത്. ഈ സാഹചര്യത്തിലാണ് ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്.

സെക്രട്ടറിയറ്റിന് മുന്നില്‍ പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ സത്യഗ്രഹം അവസാനിപ്പിച്ചു. കെഎസ്ആര്‍ടിസിയില്‍ കഴിഞ്ഞ മൂന്ന് മാസമായി രണ്ട് തവണകളായാണ് ശമ്പളം വിതരണം ചെയ്യുന്നത്.

പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു അഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടന ഈ മാസം 2 മുതല്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ സത്യാഗ്രഹ സമരം നടത്തുകയാണ്. ഇതിനു പിന്നാലെയാണ്‌ പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫും സത്യഗ്രഹസമരം തുടങ്ങിയത്.

ശമ്പളത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഗതാഗതമന്ത്രിയും ധനമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും ധാരണയായില്ല. ടിഡിഎഫ് അനിശ്ചിതകാല പണിമുടക്കിന് അടുത്തയാഴ്ച നോട്ടീസ് നല്‍കും.

Top