ഇറാനില്‍ കുടുങ്ങിയ മലയാളി മത്സ്യത്തൊഴിലാളികളെ നാട്ടില്‍ എത്തിക്കും

തിരുവനന്തപുരം: കൊറോണ വൈറസ് മൂലം ഇറാനില്‍ കുടുങ്ങിയ മലയാളി മത്സ്യത്തൊഴിലാളികളെ നാട്ടില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.

നോര്‍ക്ക വഴി ഇവരുടെ വിവരങ്ങള്‍ ലഭ്യമാകുന്ന മുറക്ക് നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ക്ക് അടിയന്തരമായി ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇറാനിലെ തീരനഗരമായ അസലൂരിലാണ്‌ മലയാളികള്‍ ഉള്‍പ്പെടെ 23 പേര്‍ കുടുങ്ങിക്കിടക്കുന്ന വിവരം പുറത്ത് വന്നത്. ഇതില്‍ 17 പേര്‍ മലയാളികളും ശേഷിക്കുന്നവര്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ഇതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം.

മത്സ്യബന്ധന വിസയില്‍ ഇറാനിലേക്ക് പോയ തൊഴിലാളികളാണ് കുടുങ്ങിയത്. ഇവര്‍ നാല് മാസം മുമ്പാണ് ഇറാനിലേക്ക് പോയത്. മലയാളികളും തമിഴ്നാട്ടില്‍ നിന്ന് ഉള്ളവരും അടക്കം എണ്ണൂറോളം പേര് ഇത്തരത്തില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് ഇറാനില്‍ നിന്ന് കിട്ടുന്ന വിവരം.

മുറിക്ക് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ലെന്നും ശേഖരിച്ച് വച്ചിരുന്ന ആഹാരസാധനങ്ങളും കഴിഞ്ഞുവെന്നും ഇനി എന്ത് ചെയ്യുമെന്ന് അറിയാത്ത അവസ്ഥയാണെന്നും ഇവര്‍ പറയുന്നു.

സ്പോണ്‍സറെ ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിച്ച് വരാനും കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നും സര്‍ക്കാരിനെ വിവരം അറിയിച്ച് ഇന്ത്യയിലേക്ക് മടങ്ങാനാണ് സ്പോണ്‍സര്‍ പറയുന്നതെന്നും മത്സ്യതൊഴിലാളികള്‍ വ്യക്തമാക്കി.

Top