വിമാനത്താവളത്തില്‍ വനിത പൈലറ്റിനോട് മോശമായി പെരുമാറിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

arrest

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ വനിത പൈലറ്റിനോട് മോശമായി പെരുമാറിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. മണക്കാട് സ്വദേശി ഉണ്ണികൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം രജിസ്‌ട്രേഷന്‍ കാര്‍ ഓടിച്ച ഡ്രൈവറാണ് പൈലറ്റിനെ അപമാനിച്ചതെന്നും ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും നേരത്തെ പൊലീസ് വിശദമാക്കിയിരുന്നു.

ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ സഹ പൈലറ്റായ 26കാരി ഹോട്ടലിലേക്ക് പോകാനായി അറൈവല്‍ ഭാഗത്ത് വാഹനം കാത്ത് നില്‍ക്കുമ്പോഴായിരുന്നു പൊടുന്നനെ കാര്‍ ഡ്രൈവറുടെ അതിക്രമം. കെഎല്‍ 01 എഎസ് 9909 എന്ന കാറിലെത്തിയ ഡ്രൈവര്‍ അടുത്തെത്തി ഇംഗ്‌ളീഷില്‍ അശ്ലീല ചുവയോടെ സംസാരിക്കുകയായിരുന്നു.

ആദ്യം ഈ മെയില്‍ വഴി പരാതി അയച്ച പൈലറ്റ് ഇന്ന് പൊലീസിന്റെ നിര്‍ദ്ദേശാനുസരണം ഉച്ചയോടെ എയര്‍ ഇന്ത്യ അധികൃതര്‍ക്കൊപ്പമെത്തി വലിയതുറ സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കുകയായിരുന്നു. പൈലറ്റിനെ ഇയാള്‍ അപമാനിക്കുന്ന ദൃശ്യങ്ങള്‍ എയര്‍പോര്‍ട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

Top